ശ്രീനഗര്‍: ജലഗതാഗത രംഗത്തേയ്ക്കും സേവനം വ്യാപിപ്പിച്ച് ഓണ്‍ലൈന്‍ ടാക്‌സി സേവനം നല്‍കുന്ന പ്ലാറ്റ്‌ഫോമായ ഊബര്‍. ശ്രീനഗറിലെ ദാല്‍ തടാകത്തില്‍ ആപ്പ് ഉപയോഗിച്ച് ശിക്കാര ബുക്ക് ചെയ്യാനുള്ള സേവനമാണ് ഊബര്‍ ആരംഭിച്ചത്. ഏഷ്യയില്‍ ആദ്യമായാണ് ഊബര്‍ ജലഗതാഗത സേവനം നല്‍കുന്നത്.
‘സാങ്കേതികവിദ്യയും പാരമ്പര്യവും സമന്വയിപ്പിച്ച് യാത്രക്കാര്‍ക്ക് അവരുടെ ശിക്കാര സവാരിക്ക് തടസ്സമില്ലാത്ത അനുഭവം നല്‍കാനുള്ള ഞങ്ങളുടെ എളിയ ശ്രമമാണ് ഊബര്‍ ശിക്കാര. കശ്മീരിലെ അതിമനോഹരമായ ഭൂപ്രകൃതിയില്‍ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ ആക്‌സസ് ലഭ്യമാക്കാനും വേണ്ടി പുതിയ സേവനം ആരംഭിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’- ഊബര്‍ ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ പ്രസിഡന്റ് പ്രഭ്ജീത്ത് സിങ് പറഞ്ഞു.
ഇന്ത്യയിലെ ഊബറിന്റെ ജലഗതാഗത സേവനം ഏഷ്യയില്‍ തന്നെ ആദ്യമാണെന്നും ഊബര്‍ വക്താവ് സ്ഥിരീകരിച്ചു. ഇറ്റലിയിലെ വെനീസ് ഉള്‍പ്പെടെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഊബര്‍ ജലഗതാഗത ബുക്കിങ് സേവനം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ തുടക്കത്തില്‍ ഏഴ് ശിക്കാരകളിലാണ് സേവനം നല്‍കുക. സേവനത്തിന്റെ പുരോഗതി അടിസ്ഥാനമാക്കി ക്രമേണ ശിക്കാര ബുക്കിങ് സേവനം വിപുലപ്പെടുത്തും. ഊബര്‍ ഉപയോക്താക്കള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ശിക്കാര ബുക്ക് ചെയ്യാന്‍ കഴിയും. ഊബര്‍ അതിന്റെ ശിക്കാര പങ്കാളികളില്‍ നിന്ന് ഒരു ഫീസും ഈടാക്കുന്നില്ലെന്നും മുഴുവന്‍ തുകയും അവര്‍ക്ക് കൈമാറുമെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു.
ഓരോ ഊബര്‍ ശിക്കാര റൈഡിനും രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെ 1 മണിക്കൂര്‍ സമയത്തേക്ക് ബുക്ക് ചെയ്യാം. ശിക്കാര ഘട്ട് നമ്പര്‍ 16ല്‍ നിന്ന് 4 യാത്രക്കാരെ വരെ അനുവദിക്കും. ഊബര്‍ ശിക്കാര റൈഡുകള്‍ 12 മണിക്കൂര്‍ മുമ്പും 15 ദിവസം മുമ്പും ബുക്ക് ചെയ്യാം.