ആറ്റിങ്ങൽ: നഗരസഭയിൽ നോമിനേഷൻ നൽകാൻ എത്തിയ യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും നടന്നു. നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഒരു സംഘം വെള്ളിയാഴ്ചയാണ് നോമിനേഷൻ നൽകിയത്. ഇവർക്കൊപ്പം എത്തിയ കോൺഗ്രസ് നേതാക്കളാണ് പരസ്പരം വാക്കേറ്റവും പിടിച്ചുതളളും നടത്തിയത്. സ്ഥാനാർത്ഥിനിർണയ യോഗങ്ങളിലെ തർക്കങ്ങളാണ് നഗരസഭ ഓഫീസിലെ സംഘർഷത്തിലേക്ക് എത്തിച്ചത്.
നഗരസഭ മൂന്നാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ആലംകോട് മേഖലയിലുള്ള കോൺഗ്രസ് നേതാക്കളും ആറ്റിങ്ങൽ നഗരത്തിലെ മുൻ മണ്ഡലം പ്രസിഡൻറ് സതീശൻ, കൂട്ടിൽ രാജേന്ദ്രൻ എന്നിവരുമായി തർക്കം ഉണ്ടായിരുന്നു. ഈ തർക്കം നേതാക്കൾ പറഞ്ഞു തീർത്തിരുന്നു. എന്നാൽ വെള്ളിയാഴ്ച നഗരസഭ കാര്യാലയത്തിൽ പരസ്പരം കണ്ടുമുട്ടിയപ്പോൾ ഇരുകൂട്ടരും ‘തനിക്ക് എന്താടാ ഇവിടെ കാര്യം’ എന്ന ചോദ്യം ഉന്നയിച്ചു തർക്കിച്ചു. തുടർന്ന് ഇത് പരസ്പരമുള്ള ഉന്തിലും തള്ളിലും കലാശിച്ചു.
എന്നാൽ നഗരസഭയിൽ നടന്ന തർക്കം യു.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
![]()
![]()

















