ഡല്‍ഹി: ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി യുപിഐ ഇടപാട് നടത്താം. ഇതിന്റെ ഭാഗമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എന്‍പിസിഐ ഭീം സര്‍വീസസ് ലിമിറ്റഡ് ഭീം പേയ്മെന്റ് ആപ്പില്‍ യുപിഐ സര്‍ക്കിള്‍ ഫുള്‍ ഡെലിഗേഷന്‍ അവതരിപ്പിച്ചു. ഈ പുതിയ ഫീച്ചര്‍ അനുസരിച്ച് മുന്‍കൂട്ടി നിശ്ചയിച്ച പ്രതിമാസ ചെലവ് പരിധിക്കുള്ളില്‍ അവരുടെ അക്കൗണ്ടില്‍ നിന്ന് യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ മറ്റുള്ളവരെ അധികാരപ്പെടുത്താന്‍ സാധിക്കും.
യുപിഐ ഇടപാട് നടത്താന്‍ പരിചയക്കുറവുള്ള മുതിര്‍ന്നവര്‍ക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഇതിനായി ചുമതലപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. കുട്ടികളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ചെലവുകള്‍ക്കുമായി ചെറിയ തുക നല്‍കാന്‍ മാതാപിതാക്കള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും.ഇടപാട് പരിധി പ്രതിമാസം 15,000 രൂപയാണ്. അഞ്ച് വര്‍ഷംവരെ കാലാവധിയും നിശ്ചയിക്കാം. പ്രതിമാസ പരിധി നിശ്ചയിച്ചിട്ടുള്ളതിനാല്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും കഴിയുന്നു.
മുതിര്‍ന്ന പൗരന്മാര്‍, ചെറുകിട വ്യാപരമേഖലയിലുള്ളവര്‍, ഡിജിറ്റല്‍ ഇടപാടുകളില്‍ പരിചയക്കുറവുള്ളവര്‍ എന്നിവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. യുപിഐ സര്‍ക്കിള്‍ ഫുള്‍ ഡെലിഗേഷന്‍ ഉപയോഗിച്ച്, ഒരു ഉപയോക്താവിന് അവരുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് യുപിഐ ഇടപാടുകള്‍ നടത്താന്‍ മറ്റൊരാളെ അധികാരപ്പെടുത്താന്‍ കഴിയും. സാമ്പത്തിക സുരക്ഷയുടെ ഭാഗമായാണ് പ്രതിമാസ പരിധി 15,000 രൂപയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുകളില്‍ ഇടപാട് നടത്താന്‍ രണ്ടാമത്തെയാള്‍ക്ക് സാധിക്കില്ല.
ഇത് വലിയ തുക നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നു. എല്ലാ ഇടപാടുകളുടെയും വ്യക്തമായ മേല്‍നോട്ടം നിലനിര്‍ത്തിക്കൊണ്ട് കുടുംബങ്ങള്‍, ആശ്രിതര്‍ അല്ലെങ്കില്‍ ജീവനക്കാര്‍ക്കിടയില്‍ സുഗമമായ ദൈനംദിന ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഇത് പ്രാപ്തമാക്കുന്നു. പൂര്‍ണ്ണ ഡെലിഗേഷനോടുകൂടിയ യുപിഐ സര്‍ക്കിള്‍ വഴി രണ്ടാമത്തെയാള്‍ക്ക് സ്വന്തം ബാങ്ക്-ലിങ്ക്ഡ് യുപിഐ ഐഡിയോ ബാങ്ക് അക്കൗണ്ടോ ആവശ്യമില്ലാതെ തന്നെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താന്‍ സാധിക്കും.
![]()
![]()

















