യുപിയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു; 6 തൊഴിലാളികൾക്ക് ദാരുണാന്ത്യം

May 29, 2026

ലഖ്നൗ: ഉത്തർപ്രദേശിലെ ഹാമിർപുരിനു സമീപം ബേത്വ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ആറ് തൊഴിലാളികൾ മരിച്ചു. പുലർച്ചെ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പാലം തകർന്നു വീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് തൊഴിലാളികളുടെ മരണം. 3 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ​ഗുരുതരമാണ്.

പുലർച്ചെ മൂന്ന് മണിയോടെയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. കുരാരയിലെ മോർകന്ദർ പർസാനി മുതൽ നൈതി ഗ്രാമം വരെ നീളുന്നതാണ് ഈ പാലം. അപകട സമയത്ത് തൊഴിലാളികളെല്ലാം പാലത്തിന്റെ ഒരു ഭാഗത്ത് ഉറങ്ങുകയായിരുന്നു. പാലം തകർന്നു ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ലോകേന്ദ്ര (22), കുൽദീപ് നിഷാദ് (19), സാവന്ത് യാദവ് (28), സഭാജിത് (30), പുഷ്പേന്ദ്ര സിങ് ചൗഹാൻ (34), രാജേഷ് പാൽ (42) എന്നീ തൊഴിലാളികളാണ് മരിച്ചത്.

അപകടത്തിനു പിന്നാലെ പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എസ്ഡിആർഎഫ് സംഘം നിലവിൽ സ്ഥലത്തുണ്ട്. ആറ് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും മൂന്ന് പേർ തൂണിന് മുകളിൽ കുടുങ്ങിയിട്ടുണ്ടെന്നും ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

cake tower new
LATEST NEWS