പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ അഞ്ച് എണ്ണകപ്പലുകള്‍ തകര്‍ത്ത് അമേരിക്ക

Sep 9, 2026

seena

വാഷിങ്ടണ്‍: അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ആക്രമിച്ചതിന് പിന്നാലെ ഇറാനെതിരെ തിരിച്ചടിച്ച് അമേരിക്ക. അഞ്ച് ഇറാനിയന്‍ ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ യുഎസ് സൈന്യം തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് തങ്ങളുടെ യുദ്ധക്കപ്പല്‍ ആക്രമിക്കാന്‍ ഇറാന്‍ നടത്തിയ രണ്ട് ശ്രമങ്ങള്‍ക്ക് മറുപടിയായാണ് ആക്രമണങ്ങളെന്ന് സെന്‍ട്രല്‍ കമാന്‍ഡ പ്രസ്താവനയില്‍ പറഞ്ഞു.

ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് വെറും 6 കിലോമീറ്റര്‍ അകലെ വെച്ച് ഒരു ഇറാനിയന്‍ എണ്ണക്കപ്പലിന് നേരെ അമേരിക്കന്‍ മിസൈല്‍ പതിച്ചതായി ഇറാന്റെ തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒമാന്‍ ഉള്‍ക്കടലിലെ ജാസ്‌കിന് സമീപം രണ്ടാമതൊരു എണ്ണക്കപ്പലിന് നേരെയും ആക്രമണം നടന്നിട്ടുണ്ട്.

ഇറാന്‍ ജാസ്‌കിലെ തെക്കന്‍ തുറമുഖത്തിനും പേര്‍ഷ്യന്‍ ഗള്‍ഫിലെ ഖാര്‍ഗ് ദ്വീപിനും സമീപം കുറഞ്ഞത് മൂന്ന് ഇറാനിയന്‍ എണ്ണ ടാങ്കറുകളെങ്കിലും യുഎസ് സൈന്യം ആക്രമിച്ചതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനും റിപ്പോര്‍ട്ട് ചെയ്തു. കപ്പലുകളില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. അമേരിക്കന്‍ തിരിച്ചടിക്ക് മറുപടിയായി യുഎസ് സൈന്യത്തിന് താവളമൊരുക്കുന്ന കുവൈത്ത്, ബഹ്‌റൈന്‍ തുറമുഖങ്ങളിലെ എണ്ണക്കപ്പലുകള്‍ തങ്ങള്‍ ലക്ഷ്യമിടുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ജീവനക്കാരോട് എത്രയും വേഗം ഈ കപ്പലുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഇറാന്‍ നിര്‍ദേശം പുറപ്പെടുവിച്ചു.

cake tower new
LATEST NEWS