വര്‍ക്കല: വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വർക്കല കുറക്കണ്ണി ശോഭന മന്ദിരത്തിൽ ഷാജി ശ്രീധരൻ (63) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഭാര്യ കൈരളി. മക്കൾ: അരവിന്ദ് കെ ഷാജി, ആനന്ദ് കെ ഷാജി, അപ്പു കെ ഷാജി.
വർക്കല ഹെലിപ്പാടിന് സമീപം കല്ലായിയിൽ സ്വകാര്യവ്യക്തിയുടെ പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന് പുറകു വശത്തായാണ് ഇന്ന് രാവിലെ 5 ന് മൃതദേഹം കണ്ടത്തിയത്. ചവറുകൂനയിൽ തീ കത്തിപ്പടരുന്നതായാണ് പ്രദേശവാസികൾ ആദ്യം കാണുന്നത്. അവർ തീ അണയ്ക്കാൻ ശ്രമിക്കുമ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. ഉടനെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ പൂർണമായും അണച്ച ശേഷം മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വർക്കല ഡിവൈഎസ്പി നിയാസ്, എസ് എച്ച് ഒ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്‌ദ്ധരെത്തി സംഭവസ്ഥലത്ത് പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട് എന്നും മൊഴികളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന് മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്നാണ് പോലീസിന്റെ വിശദീകരണം.