‘സന്ദേശം കണ്ട് പിറ്റേന്ന് പ്രശസ്ത അഭിഭാഷകന്റെ ജൂനിയറായി ചേര്‍ന്നുവെന്ന് സതീശന്‍ എന്നോട് പറഞ്ഞു’: സത്യന്‍ അന്തിക്കാട്

May 15, 2026

നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് ആശംസകളുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. വിട്ടുവീഴ്ചയില്ലാത്ത ചില നിലപാടുകള്‍ ഒരു രാഷ്ട്രീയ നേതാവിനു വേണമെന്നു എനിക്കുതോന്നിയിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ അത് സതീശനില്‍ മാത്രമേ ഇന്ന് കാണുന്നുള്ളുവെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

‘സന്ദേശ’ ത്തിന്റെ സന്ദേശം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട ഒരാള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി വരുന്നതില്‍ സന്തോഷമുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് സത്യന്‍ അന്തിക്കാട് വിഡി സതീശനെ പ്രശംസിച്ചത്. ആ വാക്കുകളിലേക്ക്:

സതീശന്‍ എന്ന സന്ദേശം. വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകുന്നതില്‍ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ട്. ഞാന്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് സന്ദേശം സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം അദ്ദേഹം തുറന്നു പറയുന്നത്. സന്ദേശത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരന്‍ അഭിഭാഷകനാണ്. പക്ഷെ കോടതിയില്‍ പോകാറില്ല. രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞ് അതൊരു തൊഴിലാക്കാമെന്നു കരുതി നടക്കുന്ന പ്രഭാകരന്‍, കഥയുടെ ക്ലൈമാക്‌സില്‍ ജീവിതയാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്യാന്‍ പോകുന്ന രംഗമുണ്ട്. അതു കണ്ടതിന്റെ പിറ്റേ ദിവസം താന്‍ പ്രശസ്തനായ ഒരു അഭിഭാഷകന്റെ ജൂനിയറായി ചേര്‍ന്നുവെന്ന് സതീശന്‍ പറഞ്ഞു. പക്ഷെ സതീശന്‍ രാഷ്ട്രീയത്തിലേക്കു തന്നെ തിരിച്ചു വന്നു. സന്ദേശത്തിന്റെ അവസാനഭാഗത്ത് തിലകന്‍ പറയുന്നുണ്ട് ‘രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകള്‍ കൈകാര്യം ചെയ്യുമ്പോള്‍’എന്ന്. സതീശന്‍ ആ നല്ല ആളുകളില്‍പെട്ട ഒരാളാണ്.

cake tower new
LATEST NEWS