മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്; കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍

Aug 29, 2026

seena

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ അന്യയമായി തടഞ്ഞു വെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. രാവിലെ 11ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ അര്‍ധരാത്രിയാണ് അനിലിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെമ്പഴന്തിയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമാണ് തടഞ്ഞത്.

അതേസമയം, മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്ന് ചേന്തി അനില്‍ പറഞ്ഞു. വാഹനവ്യൂഹത്തിനായി കൈകാണിച്ചപ്പോള്‍ പുറത്തിറങ്ങി, മുഖ്യമന്ത്രി ക്ഷുഭിതനായി സംസാരിക്കുകയായിരുന്നെന്ന് അനില്‍ പറഞ്ഞു.

ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോകുമ്പോള്‍, ചേന്തിയിലെ പരിപാടിയിലെ സംഘാടകരായ അനിലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ചു നിര്‍ത്തിയ ശേഷം മോശമായി പെരുമാറി എന്നാണ് ആരോപണം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ലിസ്റ്റില്‍ ചേന്തിയിലെ പ്രോഗ്രാം ഉണ്ടായിരുന്നില്ല.മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതിന് സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രവര്‍ത്തകര്‍ കൈകാണിച്ചതിനെ തുടര്‍ന്ന് ചേന്തിയില്‍ ഇറങ്ങിയ മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യണമെന്ന നിര്‍ദേശം പരിഗണിക്കാതെ, മടങ്ങാന്‍ ശ്രമിച്ചപ്പോഴാണ് സംഘാടകര്‍ മോശമായി പെരുമാറിയത്. മുഖ്യമന്ത്രിയോട് ചേന്തി അനിലിന്റെ നേതൃത്വത്തില്‍ മോശം വാക്കുകള്‍ പറയുകയും കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേന്തി അനിലിനെയും കൂട്ടരേയും തള്ളിമാറ്റിയാണ് മുഖ്യമന്ത്രിക്ക് പോകാന്‍ സൗകര്യം ഒരുക്കിയത്. ചേന്തിയിലെ ശ്രീനാരായണ സാംസ്‌കാരിക നിലയത്തിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി കടന്നുപോയതാണ് സംഘാടകരെ ചൊടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനായി മാസങ്ങള്‍ക്ക് മുമ്പേ മുഖ്യമന്ത്രിയുടെ സമയം ചോദിച്ചിരുന്നതാണെന്നാണ് സംഘാടകര്‍ പറയുന്നത്.

cake tower new
LATEST NEWS