പത്തനംതിട്ട: മുഖ്യമന്ത്രി വി ഡി സതീശൻ അടുത്തിടെ പ്രഖ്യാപിച്ച കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതിയാണെന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് 30 മാസത്തിനകം അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വാർത്തകളിൽ കണ്ടപ്പോൾ വലിയ തമാശയായാണ് തനിക്ക് തോന്നിയതെന്ന് ഒരു അഭിമുഖത്തിൽ അവർ പ്രതികരിച്ചു.

ഇത് കഴിഞ്ഞ സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നുവെന്ന് വീണാ ജോർജ് ചൂണ്ടിക്കാട്ടി. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ 2026 ഫെബ്രുവരി 7-നാണ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചത്. 2022-23 കാലഘട്ടത്തിൽ തന്നെ ഈ പദ്ധതിയുടെ ആവശ്യകത സർക്കാർ ചർച്ച ചെയ്യുകയും കോഴിക്കോട് ചേവായൂരിൽ ഇതിനായി സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. കിഫ്ബി (KIIFB) വഴി നടപ്പിലാക്കാൻ ലക്ഷ്യമിട്ട് ഏകദേശം 643 കോടി രൂപയുടെ ഭരണാനുമതിയും അന്ന് നൽകിയിരുന്നതാണെന്ന് മുൻ മന്ത്രി വ്യക്തമാക്കി. ടാറ്റാ ഗ്രൂപ്പുമായി ബന്ധപ്പെടുത്തി കപ്പൽ നിർമ്മാണ പദ്ധതി മുൻപ് ഇത്തരത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചതുപോലെയാണിതെന്നും അവർ പരിഹസിച്ചു.

ചേവായൂർ ഗോൾഫ് ലിങ്ക് റോഡിലെ 20 ഏക്കറിൽ 271 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ 350 കിടക്കകളും 10 ഓപ്പറേഷൻ തിയേറ്ററുകളുമുള്ള അവയവമാറ്റ ആശുപത്രി സമുച്ചയം നിർമ്മിക്കുമെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചിരുന്നത്. ഇവിടെത്തന്നെ 35 കോടി രൂപ ചെലവിൽ ത്വക്ക് രോഗാശുപത്രി നിർമ്മിക്കുമെന്നും, എല്ലാ അവയവമാറ്റ സേവനങ്ങളും ഒരു കുടക്കീഴിലാക്കി ചെലവ് മൂന്നിലൊന്നായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ സ്വന്തം കെട്ടിടം പൂർത്തിയാകുന്നതുവരെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടത്തുന്നതിനായി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സ്ഥലം കണ്ടെത്തുകയും, സ്പെഷ്യൽ ഓഫീസറെ നിയമിക്കുകയും, 60 തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തത് എൽഡിഎഫ് സർക്കാരാണെന്ന് വീണാ ജോർജ് വ്യക്തമാക്കി. സ്ഥാപനം എങ്ങനെ പ്രവർത്തിക്കണമെന്നതിനെക്കുറിച്ച് കൃത്യമായ മാർഗ്ഗരേഖയും അന്ന് തയ്യാറാക്കിയിരുന്നു. സംസ്ഥാനത്തിന് മുതൽക്കൂട്ടാകുന്ന 643 കോടി രൂപയുടെ ഈ ബൃഹദ് പദ്ധതിയെ വെറും 271 കോടി രൂപയിലേക്ക് വെട്ടിച്ചുരുക്കരുതെന്നും അവർ ആവശ്യപ്പെട്ടു.




















