അവിഹിത ബന്ധം ആരോപിച്ച് വീരപ്പന്റെ അഭിമുഖം; മാനനഷ്ടത്തിന് 10 ലക്ഷം സണ്‍ടിവി നല്‍കണം; 28 വര്‍ഷത്തെ പോരാട്ടത്തില്‍ സുകന്യക്ക് നീതി

Jun 8, 2026

ചെന്നൈ: പതിറ്റാണ്ടുകള്‍ക്കു മുമ്പ് സംപ്രേക്ഷണം ചെയ്ത വീരപ്പന്റെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തെന്നിന്ത്യന്‍ താരം സുകന്യക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സണ്‍ ടിവിയോട് മദ്രാസ് ഹൈക്കോടതി. 1996 ഏപ്രിലിലാണ് വിവാദ അഭിമുഖം സണ്‍ടിവി സംപ്രേക്ഷണം ചെയ്തത്.

ഇതിനെതിരെ സുകന്യ നല്‍കിയ മാനനഷ്ടക്കേസില്‍ 2015 ല്‍ വിചാരണകേകോടതി അനുകൂല ഉത്തരവിറക്കിയിരുന്നു. അതിനെതിരെ സണ്‍ടിവി നെറ്റ്‌വര്‍ക്ക് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. കുമരേഷ് വിധി പ്രഖ്യാപിച്ചത്.

സുകന്യക്ക് 10,00,500 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള 2015 ലെ വിചാരണ കോടകി വിധിയാണ് മദ്രാസ് ഹൈക്കോടതി ശരിവെച്ചത്. അതിനു പുറമെ അഭിമുഖത്തിലെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ ഭാവിയില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിനും കോടതി സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1996 ഏപ്രില്‍ 17 ന് സണ്‍ടിവിയില്‍ നക്കീരന്‍ എഡിറ്റര്‍ ആര്‍ ആര്‍ ഗോപാല്‍ വീരപ്പനുമായി നടത്തിയ അഭിമുഖം സണ്‍ടിവി ‘നേരുക്കുനേര്‍’ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് സംപ്രേക്ഷണം ചെയ്തിരുന്നു. അഭിമുഖത്തില്‍ സുകന്യക്ക് പിവി നരസിംഹ റാവുവിന്റെ മകനുമായി അവിഹിത ബന്ധമുണ്ടെന്നും അതു വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും വീരപ്പന്‍ ആരോപിച്ചു. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണം തന്റെ സല്‍പ്പേരിനെയും തൊഴിലിനെയും വ്യക്തിജീവിതത്തെയും ബാധിച്ചതായും മാനസികാഘാതമുണ്ടാക്കിയതായും ചൂണ്ടിക്കാട്ടി സുകന്യ കോടതിയെ സമീപിക്കുകയായിരുന്നു.

അഭിമുഖം തങ്ങളുടെതല്ലെന്നും നക്കീരന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്യുകമാത്രമാണ് ചെയ്തതെന്നും സണ്‍ടിവി വാദിച്ചു. എന്നാല്‍ പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിനു മുന്‍പ് അത് എഡിറ്റു ചെയ്യാനും അനാവശ്യ ഭാഗങ്ങള്‍ ഒഴിവാക്കാനും മാറ്റം വരുത്താനുമുള്ള പൂര്‍ണ അധികാരം സണ്‍ടിവിക്ക് ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതി വാദം തള്ളി.

എഡിറ്റോറിയല്‍ നിയന്ത്രണമുള്ളതിനാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി പറഞ്ഞു. വിവരങ്ങളുടെ സത്യാവസ്ഥ സുകന്യയോടോ മറ്റ് കേന്ദങ്ങളോടോ അന്വഷിക്കാന്‍ ചാനല്‍ തയ്യാറായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അഭിമുഖം വിവാദമായതിനു പിറകേ തമിഴ് മാഗസിനിലൂടെ സുകന്യയോട് ക്ഷമാപണം നടത്തിയിരുന്നുവെന്നും സണ്‍ടിവി കോടതിയെ അറിയിച്ചു. എന്നാല്‍ സ്വന്തം ചാനലിലൂടെ ചെയ്ത തെറ്റിന് മറ്റൊരു മാധ്യമത്തിലൂടെ നടത്തിയ ക്ഷമാപണം അംഗീകരിക്കാനാവില്ലെന്ന് കോടതി വിലയിരുത്തി. തെറ്റായ വാര്‍ത്ത കണ്ട അതേ പ്രേക്ഷകരിലേക്ക് ക്ഷമാപണം എത്തണമെങ്കില്‍ അതേ ചാനലിലൂടെതന്നെ ക്ഷമ പറയണമായിരുന്നുവെന്നും അതിലെ വീഴ്ച ചാനലിന്റെ ദുരുദ്ദേശമാണ് വ്യക്തമാക്കുന്നതെന്നും കോടതി വിധിയില്‍ പറയുന്നു.

cake tower new
LATEST NEWS
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കില്ല; ജഡ്ജി പിന്‍മാറി

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കില്ല; ജഡ്ജി പിന്‍മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും...

‘ദുഃഖവും, മരണവും ചിലര്‍ക്ക് കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധി’; അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്, മുന്നറിയിപ്പുമായി പൊലീസ്

‘ദുഃഖവും, മരണവും ചിലര്‍ക്ക് കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധി’; അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്, മുന്നറിയിപ്പുമായി പൊലീസ്

കൊച്ചി: വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്കെതിരെ...