വെഞ്ഞാറമൂട് : വെഞ്ഞാറമൂട് എം സി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു . വാഹനത്തിലുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു . ഇന്നലെ (23 .12.2021 ) വൈകുന്നേരം 3 .45 ഓടുകൂടി വെമ്പായം വെഞ്ഞാറമൂട് എംസി റോഡിൽ വെമ്പായം പെട്രോൾപമ്പിന് സമീപം കല്ലമ്പലം റിയൽ ബോർമ്മ കമ്പനിയുടെ ബേക്കറി സാധനങ്ങൾ വിതരണം ചെയ്യുന്ന ഇക്കോ വാഹനത്തിലാണ് തീ പിടിച്ചത്. വാഹനത്തിന്റെ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിക്കാൻ കാരണമായത് . ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന ഡ്രൈവർ ഫൈസലും സെയിൽസ്മാൻ സലീമും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാഹനം കത്താൻ തുടങ്ങിയപ്പോൾ തന്നെ ഇരുവരും വാഹനത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു . വിവരം അറിഞ്ഞ ഉടൻ തന്നെ വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്റ്റേഷനിൽനിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ റ്റി ജോർജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ എത്തി തീ അണക്കാനുള്ള ശ്രമം തുടങ്ങി . തൊട്ടുപിന്നാലെ നെടുമങ്ങാട് ഫയർഫോഴ്സ് സ്റ്റേഷനിൽനിന്നും ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഇരുകൂട്ടരും ചേർന്ന് വാഹനത്തിന്റെ തീ അണച്ചു. ഏറെ നേരം ഗതാഗതം തടസ്സപ്പെടും ജനങ്ങളൾ പരിഭ്രാന്തരാവുകയും ചെയ്തിരുന്നു.


















