കുറ്റവാളികളെ വേട്ടയാടുന്ന ‘വേട്ടയ്യൻ’

Oct 10, 2024

കാക്കിയണിഞ്ഞ് രജിനികാന്ത് എത്തിയപ്പോഴെല്ലാം അതൊരു പുതിയ അനുഭവമായിരുന്നു പ്രേക്ഷകർക്ക്. ഏറ്റവും ഒടുവിൽ അ​ദ്ദേഹം പൊലീസായെത്തിയ വേട്ടയ്യനിലും ആ സ്വാ​ഗ് പ്രേക്ഷകന് കാണാം. ഉശിരും മനസാക്ഷിയുമുള്ള വേട്ടയ്യനെന്ന വിളിപ്പേരുള്ള എസ്പി ആത്തിയൻ എന്ന കഥാപാത്രവും തലൈവരുടെ കൈയ്യിൽ ഭദ്രം. ഒരേസമയം മാസും ക്ലാസും പ്രേക്ഷകന് സമ്മാനിച്ചു കൊണ്ടാണ് വേട്ടയ്യന്റെ കുതിപ്പ്.

ഒരു കേസുമായി ബന്ധപ്പെട്ട് ആത്തിയൻ നടത്തുന്ന എൻകൗണ്ടറും തുടർന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് നടത്തുന്ന പൊലീസ് എൻകൗണ്ടിങ് ശരിയോ, തെറ്റോ എന്ന ചോദ്യം പ്രേക്ഷകന് മുന്നിൽ വച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. പൊലീസ് കഥകളും പൊലീസ് എൻകൗണ്ടർ കഥകളുമൊക്കെ ധാരാളം വന്നിട്ടുണ്ടെങ്കിലും ആ സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ടി ജെ ജ്ഞാനവേലിന്റെ വേട്ടയ്യൻ.

സാമൂഹിക യാഥാര്‍ഥ്യങ്ങളെ വെള്ളിത്തിരയിലെത്തിച്ച് കൈയ്യടി നേടിയ ജ്ഞാനവേൽ, രജിനികാന്ത് ചിത്രം എങ്ങനെയായിരിക്കും ഒരുക്കിയിരിക്കുക എന്ന് കാണാനുള്ള ആകാംക്ഷ ഓരോ പ്രേക്ഷകനിലും ഉണ്ടായിരുന്നു. വേട്ടയ്യൻ ഒരു പക്കാ രജനി പടമാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് തന്നെയാണ് ഉത്തരം. സംവിധായകന്റെ കൃത്യമായ അടയാളപ്പെടുത്തലുകൾ വേട്ടയ്യനിൽ നിറഞ്ഞു കാണാം. എന്നാൽ രജിനി ആരാധകരെ സംവിധായകൻ നിരാശപ്പെടുത്തിയിട്ടുമില്ല.

ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും. കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് വേട്ടയ്യനിൽ എടുത്തു പറയേണ്ട ഒന്ന്. സാധാരണക്കാരായ ജനങ്ങളുടെ അടിസ്ഥാനപരമായ കാര്യങ്ങളെ വരെ, കോർപ്പറേറ്റ് ഇടപെടലിലൂടെ കച്ചവടവത്കരിക്കുന്നതിനെ കൃത്യമായി തുറന്നു കാണിക്കുന്നുണ്ട് ചിത്രം. ചേരിയിൽ ജീവിക്കുന്നവരും വിദ്യാഭ്യാസമില്ലാത്തവരും മാത്രമാണ് കുറ്റം ചെയ്യുന്നതെന്ന മനോഭാവത്തിന് നേരെയുള്ള ഒരടി കൂടിയാണ് വേട്ടയ്യൻ.

വളരെ സ്ലോ മൂഡിലാണ് കഥ ആദ്യ പകുതിയിൽ മുന്നോട്ട് പോകുന്നത്. പതിയെ പതിയെ കഥ വികസിക്കുകയാണ്. പാട്ട്, ഫൈറ്റ് എല്ലാം ഉൾക്കൊള്ളിച്ച് തന്നെയാണ് ആദ്യ പകുതി മുന്നേറുന്നത്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയിരിക്കുന്ന മനസിലായോ… എന്ന ​ഗാനം തിയറ്ററിൽ നൽകിയ ഓളം പറയാതെ വയ്യ. പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്ന ഒരു ഇൻട്രോ സീൻ തന്നെയാണ് രജനികാന്തിനായി സംവിധായകൻ ഒരുക്കിയതും.

രജനികാന്തിന്റെയും ബി​ഗ് ബിയുടെയും മത്സരിച്ചുള്ള പെർഫോമൻസ് തന്നെയാണ് വേട്ടയ്യന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അമിതാഭ് ബച്ചന്റെ സത്യദേവ് എന്ന കഥാപാത്രത്തിലൂടെയാണ് വേട്ടയ്യൻ തുടങ്ങുന്നത് തന്നെ. ഹം എന്ന ചിത്രത്തിന് ശേഷം നീണ്ട 33 വർഷങ്ങൾക്ക് ശേഷമാണ് രജനികാന്തും ബി​ഗ് ബിയും ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ പല തരത്തിലുള്ള ചോദ്യങ്ങളും പ്രേക്ഷക മനസിൽ ഉണ്ടാകും. എന്നാൽ വെറുമൊരു റീയൂണിയൻ അല്ല രജനിയുടെയും ബി​ഗ് ബിയുടെയുമെന്ന് സിനിമ മുന്നേറുന്തോറും പ്രേക്ഷകന് മനസിലാകും.

കഥയിൽ ഒരു നിർണായക ​ഗതി കൊണ്ടുവരുന്നത് തന്നെ ബി​ഗ് ബിയുടെ ഇടപെടലാണ്. മറ്റു സിനിമകളിലേതു പോലെ തന്നെ രജനിക്ക് കൃത്യമായ ഒരു സ്റ്റൈലും സംവിധായകൻ ഒരുക്കിയിട്ടുണ്ട്. സിനിമയിൽ പലയിടങ്ങളിലും ഈ രജനി സ്റ്റൈൽ പ്രേക്ഷകരെ ആവേശത്തിലാക്കും. മറ്റൊന്ന് ഫഹദ് ഫാസിലിന്റെ സാന്നിധ്യമാണ്. ഇതിനോടകം തന്നെ തമിഴ് സിനിമാ പ്രേക്ഷകർക്കിടയിൽ ഫഹദിന് വലിയൊരു ഫാൻ ബേസ് തന്നെയുണ്ട്. അത് വേട്ടയ്യനിലൂടെ ഇരട്ടിയാകുമെന്ന കാര്യം ഉറപ്പാണ്.

ബാറ്ററി എന്ന അപരനാമത്തിലെത്തുന്ന പാട്രിക് എന്ന ഫഹദിന്റെ കഥാപാത്രം വേട്ടയ്യന്റെ നെടുംതൂണുകളിൽ ഒന്നാണ്. ബാറ്ററി എന്ന പേര് പോലെ തന്നെ ഫഹദിന്റെ കഥാപാത്രം നൽകിയ എനർജിയും വളരെ വലുതാണ്. രജനികാന്തിനൊപ്പമുള്ള ഫഫയുടെ കോമ്പിനേഷൻ രം​ഗങ്ങളെല്ലാം പ്രേക്ഷക മനം കവർന്നു. ബാറ്ററി എന്ന കഥാപാത്രത്തിലേക്ക് ഫഹദല്ലാതെ മറ്റൊരു നടനെ ചിന്തിക്കാൻ പോലും നമ്മുക്കാകില്ല. കിടിലൻ ഡയലോ​ഗുകളും മാസ് സീനുകളുമെല്ലാമുണ്ട് ചിത്രത്തിൽ ഫഹദിന്. നടരാജ് എന്ന വില്ലനായെത്തിയ റാണ ദ​ഗുപതിയും കൈയ്യടി നേടി.

സ്ത്രീ കഥാപാത്രങ്ങൾക്കും കൃത്യമായ സ്പെയ്സ് നൽകിയാണ് വേട്ടയ്യൻ ഒരുക്കിയിരിക്കുന്നത്. ദുഷാര വിജയൻ അവതരിപ്പിക്കുന്ന ശരണ്യ എന്ന കഥാപാത്രത്തിലൂടെയാണ് വേട്ടയ്യൻ വികസിക്കുന്നത്. നായകന്റെ നിഴലായി മാത്രം നിൽക്കുന്ന ഒരു നായികയാണോ മഞ്ജു വാര്യർ‌ അവതരിപ്പിക്കുന്ന താര എന്ന കഥാപാത്രം എന്ന് ആദ്യം തോന്നുമെങ്കിലും അവിടെയും ചെറിയൊരു ട്വിസ്റ്റ് സംവിധായകൻ ഒരുക്കിയിട്ടുണ്ട്.

മനസിലായോ എന്ന പാട്ടിൽ മഞ്ജു വാര്യർ ആദ്യാവസാനം വരെ തകർത്താടുകയായിരുന്നു. പൊലീസ് വേഷത്തിലെത്തിയ റിതിക സിങും തന്റെ ഭാ​ഗം മികച്ചതാക്കി. ആക്ഷൻ രം​ഗങ്ങളിലും റിതിക തിളങ്ങി. ഫഹദിനെയും മഞ്ജുവിനെയും കൂടാതെ മലയാളത്തിൽ‌ നിന്ന് സാബു മോൻ, അലൻസിയർ, രമ്യ സുരേഷ്, വഴക്ക് എന്ന സിനിമയിലൂടെ ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ തന്മയ സോൾ എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. ചെറിയ റോളുകളിലെ സ്ക്രീനിൽ എത്തുന്നുള്ളൂവെങ്കിലും പ്രേക്ഷക ശ്രദ്ധ നേടാൻ ഈ താരങ്ങൾക്കായി.

അനിരു​ദ്ധിന്റെ പശ്ചാത്തല സം​ഗീതമാണ് വേട്ടയ്യന്റെ മറ്റൊരു പോസിറ്റീവ്. മാസ് വേണ്ടിടത്ത് മാസും ഇമോഷൻ വേണ്ടിടത്ത് ഇമോഷനുമെല്ലാം കൃത്യമായി അനിരുദ്ധ് ചെയ്ത് വച്ചിട്ടുണ്ട്. മാത്രമല്ല മനസിലായോ എന്ന പാട്ടിൽ അനിരുദ്ധ് സിനിമയിൽ മുഖം കാണിച്ചിട്ടുമുണ്ട്. എസ് ആർ കതിറിന്റെ ഛായാ​ഗ്രഹണമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. വേട്ടയ്യന്റെ ഓരോ ഫ്രെയിമും പ്രേക്ഷകരിലേക്ക് മനോഹരമായി തന്നെ കതിർ എത്തിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ക്ലൈമാക്സും എടുത്തു പറയേണ്ടതാണ്. സാധാരണ കാണുന്ന ഒരു മാസ് പടം പോലെ അല്ല വേട്ടയ്യന്റെ ക്ലൈമാക്സ്. മാസ് രം​ഗങ്ങൾ ഒന്നുമില്ലാതെ സംവിധായകന്റെ കൈയ്യൊപ്പ് ചാർത്തിയാണ് ക്ലൈമാക്സ് ഒരുക്കിയിരിക്കുന്നത്. പൊലീസ് വേട്ടക്കാരനല്ല സംരക്ഷകരാണ് എന്നും വേട്ടയ്യൻ പറഞ്ഞു വയ്ക്കുന്നു.

വേട്ടയ്യന് മുൻപ് രജനി ചെയ്ത ചില സിനിമകളെ അനുസ്മരിപ്പിക്കുന്ന സീനുകളുണ്ട് ചിത്രത്തിൽ. അത് തന്നെയാണ് ചിത്രത്തിന്റെ പോരായ്മയായി തോന്നിയതും, കാരണം ചില രം​ഗങ്ങളിലെ രജനിയുടെ വരവ് തന്നെ അദ്ദേഹത്തിന്റെ തന്നെ മറ്റു സിനിമകളിലേക്ക് ഡയറക്ടായി പ്രേക്ഷകനെ കണക്ട് ചെയ്യിപ്പിക്കുന്നുണ്ട്. തലൈവരുടെ മാസും ക്ലാസും തിയറ്ററിൽ എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയ സിനിമകളിലൊന്ന് തന്നെയാണ് വേട്ടയ്യനും.

LATEST NEWS
കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ് അഖിലേന്ത്യാ വർക്കിങ്ങ് കമ്മിറ്റിയംഗവുമായിരുന്ന കെ. കരുണാകരൻ്റെ...