ഞെക്കാട് വിഎച്ച്എസ് എസിൽ പുതുതായി നിർമ്മിച്ച ഹയർസെക്കൻഡറി ബ്ലോക്ക് പൊതു വിദ്യാഭ്യാസ വകുപ്പ്മന്ത്രി ഉദ്ഘാടനം ചെയ്തു

Nov 21, 2021

വർക്കല: ഞെക്കാട്  ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ  നിർമ്മാണം പൂർത്തിയാക്കിയ ഹയർസെക്കൻഡറി ബഹുനില മന്ദിരം  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി മികവിൻ്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി
കിഫ്ബി ഫണ്ടിൽ നിന്നും മൂന്ന്കോടി രൂപ ചിലവഴിച്ചാണ് ഈ മന്ദിരം നിർമ്മിച്ചിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ രംഗത്ത്  ഡിജിറ്റൽ ലേണിങ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് കേരളമെന്ന്  ഉദ്ഘാടന പ്രസംഗത്തിൽ വിദ്യാഭ്യാസ മന്ത്രി സൂചിപ്പിച്ചു. പഠനത്തിലും ഭക്ഷണത്തിലും  വേഷത്തിലും ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള തുല്യത ഉറപ്പുവരുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള  പ്രത്യേകം സ്കൂളുകൾ ഇനി തുടരേണ്ടതുണ്ടോ എന്ന് സമൂഹം ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ലിംഗസമത്വം,അതിജീവനം, മാനവികത, മതേതരത്വം, ആരോഗ്യ പരിപാലനം, നിയമ ബോധവൽക്കരണം, രാഷ്ട്രബോധം, സാങ്കേതിക മികവ്, തൊഴിൽസാധ്യതകൾ എന്നിവ ഉൾച്ചേർന്ന പാഠ്യപദ്ധതി രൂപീകരിക്കാനാണ് ഗവൺമെൻ്റ് ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കേരളത്തിൻ്റെ സംസ്കാരത്തിനും സാമൂഹിക അന്തരീക്ഷത്തിനും അനുസരിച്ചുള്ള ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ കുട്ടികൾക്ക് സ്കൂളിൽ ധരിക്കുന്നതിന് വേണ്ട ചർച്ചകൾ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഒരു പെൺകുട്ടി പോലും അവസര നിഷേധത്തിന് ഇരയാകാൻ പാടില്ല. മനുഷ്യൻ്റെ മുഖവും മണ്ണിൻ്റെ മണവും തിരിച്ചറിയാൻ കഴിയുന്നതാകണം വിദ്യാഭ്യാസം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

5 മുതൽ 12 വരെ ക്ലാസുകളിലായി 3000 ത്തോളം വിദ്യാത്ഥികൾ പഠിക്കുന്ന ഞെക്കാട് സ്കൂൾ പുരോഗതിയുടെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന പൊതുവിദ്യാലയം ആണെന്നു മന്ത്രി എടുത്തുപറഞ്ഞു. തികച്ചും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സ്കൂളിലെ അധ്യാപകരേയും പിടിഎ കമ്മിറ്റിയേയും എംഎൽഎ അഭിനന്ദിച്ചു.

മൂന്ന് നിലകളിലായി വൈദ്യുതീകരിച്ച, ടൈൽസ് പാകിയ 11 ക്ലാസ് മുറികൾ, സ്റ്റാഫ് റൂമുകൾ, റെസ്റ്റ് റൂം, വിവിധ സയൻസ് ലാബുകൾ, കമ്പ്യൂട്ടർ ലാബ്, എല്ലാ മുറികളിലും ലൈറ്റുകളും ഫാനുകളും, ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും വെവ്വേറെ ആധുനിക രീതിയിലുള്ള ടോയിലറ്റ് സൗകര്യങ്ങൾ, വാഷ് ഏരിയകൾ, രണ്ട് സ്റ്റെയർ കേസുകൾ, വിശാലമായ വരാന്തകൾ, ഭിന്നശേഷി സൗഹൃദ റാമ്പുകൾ തുടങ്ങിയ സൗകര്യങ്ങൾ ഈ മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്.
ഈ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഞെക്കാട് സ്കൂളിൻറെ സ്ഥലപരിമിതിക്ക് പരിഹാരമാകും.

പ്രിൻസിപ്പൽ കെ കെ സജീവ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ എൻ സന്തോഷ് കൃതജ്ഞതയും രേഖപ്പെടുത്തി.

വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്മിതാ സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ, ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ബീന, വൈസ് പ്രസിഡൻറ് എൻ ജയപ്രകാശ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ ലിജ, വാർഡ് മെമ്പർ എസ് ഷിനി, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ  ഇ എസ് നാരായണി, എച്ച് എസ്  എസ് കോഡിനേറ്റർ ടി അനിൽ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റർ എസ് ജവാദ്, ഡയറ്റ് സീനിയർ ലക്ചറർ ഡോ. വി സുലഭ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ വിജയകുമാരൻ നമ്പൂതിരി, പി ടി എ പ്രസിഡണ്ട് ജി രാജീവ്, എസ് എം സി ചെയർമാൻ പ്രമീള ചന്ദ്രൻ, വികസന സമിതി ചെയർമാൻ എൻ അജി, മദർ പിടിഎ പ്രസിഡണ്ട് എസ് സലീന, എഫ് എസ് എ സെക്രട്ടറി എസ് ലാജി, വിഎച്ച്എസ്എസ് പ്രിൻസിപ്പൽ എം ആർ മധു,  മുൻ പ്രിൻസിപ്പൽ ആർ പി ദിലീപ്, മുൻ ഹെഡ്മാസ്റ്റർ വി എസ് പ്രദീപ്, സ്റ്റാഫ് സെക്രട്ടറി എൻ ഗോപകുമാർ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.

ഹെഡ്മാസ്റ്റർ എൻ സന്തോഷ് എഴുതി ആലപിച്ച പുഴ എന്ന കവിതയുടെ സിഡി മന്ത്രി പ്രകാശനം ചെയ്തു. കെട്ടിടനിർമ്മാണത്തിന് മേൽനോട്ടം വഹിച്ച വാപ്കോസിനും നിർമ്മാണ ചുമതല നിർവഹിച്ച ഹെയർ കൺസ്ട്രക്ഷൻസിനും മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു. പാർലമെൻററി അഫയേഴ്സ് ഇൻസ്റ്റ്യൂട്ട് ബെസ്റ്റ് പാർലമെൻ്റേറിയാനായി തെരഞ്ഞെടുത്ത   ഗയ എന്ന കുട്ടിയെ അദ്ദേഹം അനുമോദിച്ചു.

സമ്മേളനത്തിൻ്റെ ദൃശ്യങ്ങൾ GVHSS official എന്ന ഫേസ്ബുക്ക് പേജിൽ തൽസമയം കാണുന്നതിനും സൗകര്യമൊരുക്കിയിരുന്നു.

LATEST NEWS