12 വയസ് മാത്രം, രഞ്ജിയില്‍ അരങ്ങേറി വൈഭവ്; പിന്തള്ളിയത് സച്ചിനേയും യുവരാജിനേയും

Jan 7, 2024

പട്‌ന: രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു പുതിയ ചരിത്രം എഴുതി ബിഹാര്‍ താരം വൈഭവ് സൂര്യവംശി. 12 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 12 വയസും 284 ദിവസവും പിന്നിടുമ്പോഴാണ് താരത്തിന്റെ അരങ്ങേറ്റം. 1986നു ശേഷം ആദ്യമായാണ് ഇത്ര ചെറു പ്രായത്തില്‍ ഒരു ഇന്ത്യന്‍ താരം ഫസ്റ്റ് ക്ലാസില്‍ അരങ്ങേറുന്നത്.

ഈ നേട്ടത്തില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ് എന്നിവരെയൊക്കെ വൈഭവ് പിന്തള്ളി. അരങ്ങേറ്റത്തില്‍ താരം ഓപ്പണിങ് ഇറങ്ങി. 28 പന്തുകള്‍ പ്രതിരോധിച്ച് 19 റണ്‍സുമായി വൈഭവ് മടങ്ങി. യുവരാജ് സിങ് 15 വയസും 57 ദിവസവും പ്രായമുള്ളപ്പോഴാണ് അരങ്ങേറിയത്. സച്ചിന്‍ 15 വയസും 230 ദിവസവും പിന്നിട്ടപ്പോള്‍. രണ്ട് പേരുടേയും നേട്ടം വൈഭവ് പിന്തള്ളി.

നേരത്തേ ഇന്ത്യ ബി അണ്ടര്‍ 19 ടീമില്‍ താരം കഴിഞ്ഞ വര്‍ഷം കളിച്ചിരുന്നു. പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറികളടക്കം ആറ് ഇന്നിങ്‌സുകളില്‍ നിന്നു 177 റണ്‍സാണ് നേടിയത്.
വിനു മങ്കാദ് ട്രോഫിയിലും താരം നേരത്തെ കളിച്ചിട്ടുണ്ട്. 393 റണ്‍സ് നേടി. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറികളും നേടി.

LATEST NEWS