ആറ്റിങ്ങൽ: ഓരോ വിദ്യാർഥിയുടേയും സർഗപരമായ കഴിവുകൾ കണ്ടെത്തി വളർത്തുന്നതിനും സ്കൂളുകളിൽ “സർഗക്കൂട്ടങ്ങൾ” കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി സബ്‌ജില്ലയിലെ സ്കൂൾ കോർഡിനേറ്റർമാരെ ഉൾപ്പെടുത്തി യോഗം ചേർന്നു. ജില്ലാ കൺവീനർ ശ്രീഹരികുമാർ അധ്യക്ഷത വഹിച്ച വേദിയിൽ സബ്ജില്ലാ കൺവീനർ ആർ.കുമാരി ഷിലു സ്വാഗതം പറഞ്ഞു. ബി.ആർ.സി. ഇൻ ചാർജ് ബിനു. കെ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജില്ലാ പ്രതിനിധി ശാരിക നന്ദി പറഞ്ഞു.
കുട്ടികളുടേയും അധ്യാപകരുടേയും രചനകൾ ഉൾപ്പെടുത്തി ആറ്റിങ്ങൽ സബ് ജില്ലയിൽ നിന്ന് കവിതപുസ്തകം പുറത്തിറക്കാൻ തീരുമാനിക്കുകയും പത്രാധിപ സമിതി രൂപികരിക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ സ്കൂളുകളിൽ ഇൻലൻഡ് മാഗസിൻ, കയ്യെഴുത്തുമാസിക. ഡിജിറ്റൽ മാസിക, പത്രം, എന്നിവ തയാറാക്കാനും വ്യത്യസ്ത ഭാഷാ കൃതികൾ ഉൾപ്പെടുത്തി പുതിയൊരുവായന സംസ്കാരം രൂപപ്പെടുത്താനും തീരുമാനിച്ചു. ഓരോ ക്ലസ്റ്ററുകളായി തിരിച്ച് സ്കൂൾ വിദ്യാരംഗത്തിന് കൂടുതൽ ശക്തി പകരും. കഥ, കവിത, വര, നാടൻപാട്ട്, അഭിനയം, ആസ്വാദനം എന്നിവയെ അടിസ്ഥാനമാക്കി ഗംഭീരമായ ശില്പശാലകളും നടത്തും. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന വിദ്യാരംഗം മാസിക, ശാസ്ത്ര മാസിക എന്നിവ കുട്ടികൾക്ക് ഏറെ ഉപയോഗപ്രദമാണെന്നും അതിൻ്റെ പ്രചാരണം വർദ്ധിപ്പിക്കണമെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്.
വിദ്യാരംഗം സംസ്ഥാന കമ്മിറ്റി രൂപം കൊടുത്ത ‘പാഠാന്തരം’ എന്ന പരിപാടിയ്ക്ക് കുട്ടികളെ തയാറാക്കാനും ഹരികുമാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എ. ഇ.ഒ വിജയകുമാരൻ നമ്പൂതിരി എല്ലാ പിൻതുണയും വാഗ്ദാനം ചെയ്തു.