ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ദ്രാവിഡ കക്ഷികളെ നിഷ്പ്രഭമാക്കിക്കൊണ്ട് നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ചരിത്രവിജയത്തിലേക്ക്. ഏറ്റവും പുതിയ ഫലസൂചനകൾ പ്രകാരം സംസ്ഥാനത്തെ 103 മണ്ഡലങ്ങളിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ 14 പ്രമുഖ മന്ത്രിമാരും തങ്ങളുടെ മണ്ഡലങ്ങളിൽ പിന്നിലായെന്ന വാർത്ത തമിഴ്‌നാട്ടിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. വിജയുടെ മുന്നേറ്റം ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നെങ്കിലും സ്റ്റാലിൻ പ്രഭാവത്തിന് അത് മങ്ങലേൽപ്പിക്കുകയില്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ആ കണക്കുകൂട്ടിലുകളെയെല്ലാം തെറ്റിച്ചാണ് ഭരണ മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ ട്രെൻഡുകൾ പ്രകാരം 83 സീറ്റുകളിൽ ടിവികെ മുന്നിലാണ്. പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ 58 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ, ഭരണകക്ഷിയായ ഡിഎംകെ 34 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വിജയ് തരംഗം; ഞെട്ടിച്ച് ടിവികെ
മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയ് കരുത്ത് തെളിയിച്ചു. തിരുച്ചിറപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും വൻ ഭൂരിപക്ഷത്തിലേക്കാണ് താരം നീങ്ങുന്നത്. വെറുമൊരു ‘വോട്ട് കട്ടർ’ എന്നതിലുപരി ഡിഎംകെയുടെ വോട്ട് ബാങ്കിൽ വലിയ വിള്ളലുണ്ടാക്കാൻ ടിവികെയ്ക്ക് സാധിച്ചു എന്നാണ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. അഴിമതി വിരുദ്ധ പ്രതിച്ഛായയും യുവ വോട്ടർമാരുടെ സ്വാധീനവുമാണ് വിജയ്‌യെ തുണച്ചത്.
അപ്രസക്തമായി ദ്രാവിഡ കക്ഷികൾ
വർഷങ്ങളായി തമിഴ് മണ്ണ് ഭരിച്ചിരുന്ന ഡിഎംകെയും എഐഎഡിഎംകെയും വിജയ് ഉയർത്തിയ തരംഗത്തിന് മുന്നിൽ പതറുന്ന കാഴ്ചയാണ് കാണുന്നത്. 103 സീറ്റുകളിൽ ടിവികെ മുന്നേറുമ്പോൾ, എഐഎഡിഎംകെ രണ്ടാം സ്ഥാനത്തും ഭരണകക്ഷിയായ ഡിഎംകെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. തിരുച്ചിറപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും വിജയ് തന്റെ ഭൂരിപക്ഷം അയ്യായിരത്തിന് മുകളിലായി ഉയർത്തിക്കഴിഞ്ഞു.
മന്ത്രിമാർ ഒന്നൊന്നായി വീഴുന്നു
മുഖ്യമന്ത്രി സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ ലീഡ് നിലനിർത്താൻ പാടുപെടുമ്പോൾ, ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുകൻ, ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ, ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ തുടങ്ങിയ പ്രമുഖരെല്ലാം പിന്നിലാണെന്നാണ് റിപ്പോർട്ടുകൾ. ഭരണവിരുദ്ധ വികാരവും വിജയ് മുന്നോട്ടുവെച്ച അഴിമതി വിരുദ്ധ രാഷ്ട്രീയവും വോട്ടർമാരെ സ്വാധീനിച്ചിരിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞ് വരുന്നത്.



















