ഷൂട്ടിങ് ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടി വിന്‍സി അലോഷ്യസിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ ഇരുവരും മാധ്യമങ്ങളെ കണ്ടപ്പോഴാണ് സംഭവം. ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളില്ലെന്നും പരസ്പരം പറഞ്ഞ് തീര്‍ത്തെന്നും ഇരുവരും പറഞ്ഞു.
ആളുകളെ എന്റര്‍ടൈന്‍ ചെയ്യാനായി ഫണ്‍ തീരിയിലുള്ള സംസാരങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവരെ ഹേര്‍ട്ട് ചെയ്യുന്നത് പലപ്പോഴും അറിയാറില്ലെന്നും എല്ലാവരും ഒരേ പോലെയല്ല കാണുന്നതും മനസിലാക്കുന്നതെന്നും ഷൈന്‍ പറഞ്ഞു. പിന്നാലെ വിന്‍സിയോട് മാപ്പ് പറഞ്ഞു. താന്‍ ആരാധിച്ച വ്യക്തിയില്‍ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായതുകൊണ്ടാണ് പരാതിയുമായി എത്തിയതെന്നും ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതില്‍ ദുഃഖമുണ്ടെന്നും വിന്‍സിയും പറഞ്ഞു.
സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ പരാതി. എന്നാല്‍ സിനിമയ്ക്ക് പുറത്തേയ്ക്ക് ഇത് കൊണ്ടുപോകുന്നില്ലെന്നും വിന്‍സി അന്ന് പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഷൈനും വിന്‍സിയും ഒരുമിച്ച് വേദി പങ്കിടുന്നത്. മനപൂര്‍വമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഷൈനിന്റെ തുറന്നുപറച്ചില്‍.