പാരീസ് ഒളിമ്പിക്‌സിൽ 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി പറയുന്നത് വീണ്ടും മാറ്റിവെച്ചു. ഈ മാസം 16ലേക്കാണ് വിധി പറയാൻ മാറ്റിയത്. അന്തരാഷ്ട്ര കായിക തർക്ക പരിഹാര കോടതി ഇത് മൂന്നാം തവണയാണ് വിധി പറയുന്നത് മാറ്റിവെക്കുന്നത്
ഗുസ്തി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ഭാരക്കൂടുതലുണ്ടെന്ന് കാണിച്ച് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. നിശ്ചിത കിലോയിൽ നിന്ന് 100 ഗ്രാം കൂടുതലുണ്ടെന്ന കാരണം പറഞ്ഞായിരുന്നുവിത്. എന്നാൽ വെള്ളി മെഡലിന് അർഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് അപ്പീൽ നൽകിയത്.
ഫൈനൽ ദിവസം നടന്ന ഭാരപരിശോധനയിലാണ് വിനേഷിന് 100 ഗ്രാം കൂടുതലുണ്ടെന്ന് തെളിഞ്ഞത്. മെഡൽ ഉറപ്പിച്ച ഘട്ടത്തിലാണ് വിനേഷ് അപ്രതീക്ഷിതമായി അയോഗ്യയാക്കപ്പെടുന്നത്. പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി മത്സരങ്ങൾക്ക് മുമ്പൊക്കെ നടന്ന പരിശോധനയിൽ വിനേഷിന്റെ ഭാരം നിശ്ചയിച്ച 50 കിലോഗ്രാമിലും താഴെയായിരുന്നു.