വികസിത ഭാരത ലക്ഷ്യത്തിന് ചുക്കാൻ പിടിക്കേണ്ടത് യുവാക്കൾ: വി. മുരളീധരൻ

Feb 12, 2024

അടിസ്ഥാന വികസനസൗകര്യത്തിലും ഉത്പാദന മേഖലയിലും രാജ്യം കുതിച്ചുചാടുകയാണെന്ന്
കേന്ദ്രമന്ത്രി വി. മുരളീധരൻ. പത്ത് വർഷം മുൻപുള്ള ഭാരതം അല്ല ഇന്നുള്ളത്.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറുമ്പോൾ ലോകത്തെ ഏറ്റവും ദുർബലമായ സമ്പദ് വ്യവസ്ഥകളിൽ ഒന്നായിരുന്നു ഭാരതം. ലോകത്തിലെ മികച്ച അഞ്ചിലേക്ക് ഇന്നത് കുതിച്ചെത്തിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പള്ളിപ്പുറം സിആർപിഎഫ് ക്യാംപിൽ നടന്ന റോസ്ഗാർ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2047 ആകുമ്പോഴേക്കും രാജ്യത്തെ വികസിത രാജ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്രമോദി സർക്കാർ മുന്നോട്ടുപോകുന്നത്.
അതിന് നേതൃത്വം നൽകേണ്ടത് യുവാക്കൾ എന്നും വി. മുരളീധരൻ പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖലയിലുണ്ടായ കുതിപ്പ് തൊഴിലവസരങ്ങൾ ഇരട്ടിയാക്കി. കളിപ്പാട്ടം, മൊബൈൽ ഫോൺ മുതൽ യുദ്ധവിമാനങ്ങൾ വരെ രാജ്യം തദ്ദേശീയമായി നിർമിച്ച് തുടങ്ങി.
നൈപുണ്യ മാനവ വിഭവശേഷിയിലും പ്രതീക്ഷാവഹമായ മുന്നേറ്റം ആണ് കാണുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ആണവ ഊര്‍ജ്ജ വകുപ്പ്, പ്രതിരോധ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, തുടങ്ങി വിവിധ വകുപ്പുകളിലേക്കുള്ള നിയമന ഉത്തരവ് മന്ത്രി കൈമാറി.

LATEST NEWS