തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വീടുകളിലെ വോട്ടെടുപ്പിനു തുടക്കമായി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേയും 85 വയസ് പിന്നിട്ടവരും 40 ശതമാനത്തിൽ അധികം ഭിന്നശേഷിയുള്ളവരുമാണ് വോട്ട് ചെയ്തു തുടങ്ങിയത്. ഇന്നലെയായിരുന്നു ആദ്യ വോട്ടെടുപ്പ് ദിനം. ഇന്നലെ 10,922 പേർ വോട്ട് രേഖപ്പെടുത്തി. രാത്രി 8 വരെയുള്ള കണക്കാണിത്.
85 വയസ് പിന്നിട്ട 7561 പേരാണ് ഇന്നലെ വോട്ട് ചെയ്തത്. ഭിന്നശേഷിക്കാരായ 3361 പേരും വോട്ട് രേഖപ്പെടുത്തി. ആകെ 2,07,757 പേരാണ് വോട്ട് ചെയ്യാനുള്ളത്. 85 വയസ് പിന്നിട്ട വോട്ടർമാരിൽ 71.27 ശതമാനം പേരും ഭിന്നശേഷിക്കാരായ വോട്ടർമാരിൽ 25.50 ശതമാനം പേരും വീടുകളിലാണ് വോട്ട് ചെയ്യുന്നത്.
ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വീടുകളിലെത്തി മുൻകൂട്ടി തപാല് ബാലറ്റ് അപേക്ഷ വാങ്ങിയവരിൽ നിന്നു ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പരിശോധിച്ച് അംഗീകരിച്ചവർക്കാണ് വോട്ടിനുള്ള അവസരം. പോളിങ് ഉദ്യോഗസ്ഥരുടെ സംഘം വീടുകളിലെത്തി വോട്ടറെ കണ്ട് ബാലറ്റിൽ വോട്ട് രേഖപ്പെടുത്തി മടങ്ങും.


















