കൈയില്‍ കരുതണം ഈ തിരിച്ചറിയല്‍ രേഖകള്‍; ബീപ് ശബ്ദം കേള്‍ക്കുന്നതുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; വോട്ടര്‍മാര്‍ അറിയേണ്ടതെല്ലാം

Apr 7, 2026

തിരുവനന്തപുരം: കേരളം മറ്റന്നാള്‍ പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതോടെ സംസ്ഥാനം ആര് ഭരിക്കുമെന്ന് വ്യക്തമാകും. ഇതിനകം തന്നെ രണ്ട് ലക്ഷത്തിലേറെ വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചുകഴിഞ്ഞു. പോളിങ് ബൂത്തിലേക്ക് എത്തുമ്പോള്‍ എന്തൊക്കെ കൈയില്‍ കരുതണം. എന്തൊക്കെ സാധനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ട് വോട്ടര്‍മാര്‍ അറിയേണ്ടതുണ്ട്.

തിരിച്ചറിയല്‍ കാര്‍ഡും സ്ലിപ്പും ഒപ്പം കരുതാന്‍ വോട്ടര്‍മാര്‍ മറക്കരുത്. തെരഞ്ഞടുപ്പ് കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് ആണ് വോട്ടര്‍മാര്‍ കൈയില്‍ കരുതേണ്ടത്. എന്നാല്‍ ഇത് കൈവശം ഇല്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച മറ്റ് പതിനൊന്ന് അംഗീകൃത തിരിച്ചറിയില്‍ രേഖകള്‍ സമ്മതിദാന അവകാശത്തിന് വിനിയോഗിക്കാം.

പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്സ കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍, പൊതുമേഖലാ കമ്പനി എന്നിവയിലെ ജീവനക്കാര്‍ക്കും നല്‍കുന്ന ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ്, ബാങ്ക്/പോസ്റ്റ് ഓഫിസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍, പാന്‍ കാര്‍ഡ്, ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്, എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്), തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ, പാര്‍ലമെന്റ് അംഗങ്ങള്‍/നിയമസഭ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ് എന്നിങ്ങനെയാണ്.

വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളില്‍ ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും മുന്‍ഗണനയുണ്ട്. ബൂത്തുകളില്‍ റാംപുകളും വീല്‍ചെയറുകളും സജ്ജീകരിക്കും. കാഴ്ച പരിമിതിയുള്ളവര്‍ക്കായി ബ്രെയില്‍ ലിപി സൗകര്യമുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍, സഹായത്തിനായി പ്രത്യേക വൊളന്റിയര്‍മാര്‍, ആവശ്യമായ ഇടങ്ങളില്‍ ആംഗ്യഭാഷാ സഹായം എന്നിവയും ലഭ്യമാക്കും.

പോളിങ് ബൂത്തിലെത്തിയാല്‍ സമ്മതിദായകര്‍ ക്യൂ പാലിക്കണം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രമമനുസരിച്ച് വോട്ടര്‍മാരെ കടത്തിവിടും. വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കും. തുടര്‍ന്ന് ക്രമനമ്പറും പേരും ഉറക്കെ വിളിച്ചുപറയും. ഈ സമയം പോളിങ് ഏജന്റുമാര്‍ അവരുടെ പക്കലുള്ള പട്ടിക പരിശോധിച്ച് ശരിയായ വോട്ടറാണെന്ന് ഉറപ്പുവരുത്തും. തുടര്‍ന്ന് വോട്ടര്‍ സെക്കന്‍ഡ് പോളിങ് ഓഫിസറുടെ അടുത്തെത്തുമ്പോള്‍ ഇടതുകയ്യിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നു. തുടര്‍ന്ന് വോട്ടറെക്കൊണ്ട് റജിസ്റ്ററില്‍ ഒപ്പുവയ്പിക്കുകയോ വിരലടയാളം രേഖപ്പെടുത്തുകയോ ചെയ്യും. തുടര്‍ന്ന് വോട്ടേഴ്സ് സ്ലിപ് നല്‍കും.

കൈവിരലിലെ മഷി പരിശോധിച്ചശേഷം ഓഫിസര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ BALLOT ബട്ടന്‍ അമര്‍ത്തും. ഇതോടെ കണ്‍ട്രോള്‍ യൂണിറ്റിലെ Busy എന്നു രേഖപ്പെടുത്തിയ ലൈറ്റ് ചുവപ്പു നിറമാകും. ഈ സമയം ബാലറ്റ് യൂണിറ്റിലെ Ready എന്നെഴുതിയിരിക്കുന്ന ഭാഗത്തെ ലൈറ്റ് പച്ച നിറത്തില്‍ പ്രകാശിക്കും. വോട്ടര്‍ തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ഥിയുടെ പേരും ഫോട്ടോയും ചിഹ്നവും രേഖപ്പെടുത്തിയിരിക്കുന്നതിനു നേരെയുള്ള നീല ബട്ടന്‍ അമര്‍ത്തുന്നു. ഇതോടെ Ready ലൈറ്റ് അണയും. സ്ഥാനാര്‍ഥിയുടെ പേരിനു സമീപത്തെ നീല ബട്ടന് അരികിലുള്ള ലൈറ്റ് ചുവപ്പു നിറത്തില്‍ പ്രകാശിക്കും. വോട്ടു രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും സീരിയല്‍ നമ്പറും രേഖപ്പെടുത്തിയ പ്രിന്റ് വിവിപാറ്റ് യന്ത്രത്തില്‍നിന്നു പുറത്തുവരികയും 7 സെക്കന്‍ഡ് സമയം വിന്‍ഡോയിലൂടെ ദൃശ്യമാകുകയും ചെയ്യും. ഈ സമയം കണ്‍ട്രോള്‍ യൂണിറ്റില്‍നിന്നു ബീപ് ശബ്ദം കേള്‍ക്കുന്നതോടെ വോട്ട് രേഖപ്പെടുത്തിയതായി അറിയാന്‍ കഴിയും.

രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടിങ് സമയം. വോട്ടിങ് സമയം തീരുന്ന വൈകിട്ട് ആറു മണിക്ക് ക്യൂവില്‍ ആളുണ്ടെങ്കില്‍ അവര്‍ക്കു ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കും. പുതുതായി ആരെയും പ്രവേശിപ്പിക്കില്ല.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ voters.eci.gov.in ഇലക്ടറല്‍ സെര്‍ച്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ (എപിക് നമ്പര്‍) നല്‍കി സംസ്ഥാനം നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും. വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950ലേക്ക് വിളിച്ചും എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം.

cake tower new
LATEST NEWS
‘ഇനി ഞാന്‍ ആരെ അപ്പൂപ്പാ എന്ന് വിളിക്കും? വര്‍ഷങ്ങളായി അപ്പൂപ്പനെ നഷ്ടപ്പെടുമോ എന്ന പേടിയിലായിരുന്നു’; ഹൃദയം നുറങ്ങി അഹാന

‘ഇനി ഞാന്‍ ആരെ അപ്പൂപ്പാ എന്ന് വിളിക്കും? വര്‍ഷങ്ങളായി അപ്പൂപ്പനെ നഷ്ടപ്പെടുമോ എന്ന പേടിയിലായിരുന്നു’; ഹൃദയം നുറങ്ങി അഹാന

അപ്പൂപ്പന്റെ വിയോഗത്തില്‍ ഹൃദയം നുറുങ്ങി അഹാന കൃഷ്ണ. മാര്‍ച്ച് 29 നായിരുന്നു അഹാന കൃഷ്ണയുടെ അമ്മ...