ഡല്‍ഹി: കേരള മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പൊതുജീവിതം ഉഴിഞ്ഞുവച്ച നേതാവ് ആണ് വിഎസ് അച്യുതാനന്ദനെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുസ്മരിച്ചു. അദ്ദേഹം കേരളത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തില്‍ അത്യഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് രാഷ്ട്രപതി എക്‌സില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ജീവിതം പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കും സമര്‍പ്പിച്ച നേതാവാണ് വിഎസ് എന്നും മോദി പറഞ്ഞു. തങ്ങള്‍ ഇരുവരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഇടപെടലുകള്‍ ഓര്‍ക്കുന്നു. വിഎസിന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഉണ്ടായ വേദനയില്‍ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു.
ഇന്ന് വൈകിട്ടോടെ വിഎസിന്റെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് എത്തിക്കും. ഇന്ന് രാത്രി എകെജി പഠന ഗവേഷണ കേന്ദ്രത്തിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ തിരുവനന്തപുരം വേലിക്കകത്തെ വീട്ടിലേക്കു കൊണ്ടുപോകും.
നാളെ രാവിലെ ഒന്‍പതിന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി എത്തിക്കും. ഉച്ചയോടെ ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് വിഎസിന്റെ ഭൗതികദേഹം കൊണ്ടുപോകും. നാളെ രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചു.