ആറ്റിങ്ങൽ: ആശ്രയമറ്റ കുടുംബത്തെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. നഗരസഭ 28ആം വാർഡായ കുഴിമുക്കിൽ പുത്തൻവീട്ടിൽ താമസിക്കുന്ന കാഴ്ച ശക്തി നഷ്ടപ്പെട്ട 71 വയസ്സുള്ള ഓമന അമ്മ, മാനസിക വൈകല്യങ്ങൾ നേരിടുന്ന രമ, രമ്യ എന്നിവരെയാണ് കരുണാലയം പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചത്. വാർഡ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട രമ്യ പ്രചരണ പ്രവർത്തനങ്ങൾക്കിടയിൽ ഈ കുടുംബം നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധിച്ചിരുന്നു.
നാട്ടുകാരും ഇവരെ സംരക്ഷിക്കാൻ ഉതകുന്ന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്ന് രമ്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ അവരുടെ പുനരധിവാസം ഉറപ്പാക്കും എന്ന് രമ്യ നാട്ടുകാർക്ക് ഉറപ്പു നൽകിയിരുന്നു. ഇലക്ഷൻ കഴിഞ്ഞ ഉടനെ ഇതിനുള്ള ശ്രമം ആരംഭിച്ചു.
ഇതേ സ്ഥലത്ത് ഇവരെ താമസിപ്പിച്ച് സംരക്ഷിക്കുന്നതിനേക്കാൾ നല്ലത് ഇവർക്ക് അനുയോജ്യമായ പുനരധിവാസ കേന്ദ്രം കണ്ടെത്തി അവിടേക്ക് മാറ്റുന്നതാണെന്നു വിലയിരുത്തിയിരുന്നു. ഇതിനെ തുടർന്ന് വിവിധ പുനരധിവാസ കേന്ദ്രങ്ങൾ സന്ദർശിച്ച് ശ്രമിക്കുകയും ഈ കുടുംബത്തിന് അനുയോജ്യമായ പുനരധിവാസി കേന്ദ്രം കരുണാലയം ആണെന്ന് കണ്ടെത്തി അവരോട് സംസാരിച്ച് ഏറ്റെടുക്കൽ ഉറപ്പുവരുത്തുകയായിരുന്നു. വാർഡ് മെമ്പറായി സത്യപ്രതിജ്ഞ ചെയ്ത് ഉടൻ രമ്യ പൂർത്തിയാക്കിയതും ഈ മാനുഷിക സേവനമാണ്.
വാർഡ് മെമ്പർ രമ്യയ്ക്ക് പുറമേ ജോയ്, അനി, അമ്പാടി, വിപിൻ, ബിനു എന്നിവർ അടങ്ങുന്ന സംഘമാണ് കുടുംബത്തിന് ആവശ്യമായ മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങൾ ഉൾപ്പെടെ ലഭ്യമാക്കി പുനരധിവാസ കേന്ദ്രത്തിലേക്ക് എത്തിച്ചത്.
















