ചിറയിൻകീഴ്: പെരുംകുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസങ്ങളോളമായി കുഴിച്ചിട്ടിരിക്കുന്ന പെരുംകുഴി നാലുമുക്ക് ജംഗ്ഷനിലെ വാട്ടർ അതോറിറ്റി കുഴിയിൽ തെങ്ങിൻ തൈ നട്ടു പ്രതിഷേധിച്ചു. ഓണക്കാലത്ത് ശുദ്ധജല വിതരണം കാര്യക്ഷമമാക്കുക, വാട്ടർ അതോറിറ്റി കുഴിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ സമരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

അഴൂർ പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ജലവിതരണം തുടങ്ങുമ്പോൾ പൈപ്പ് പൊട്ടൽ ഒരു തുടർക്കഥയായി മാറുന്നുവെന്നാണ് ആരോപണം. പൈപ്പ് പൊട്ടി വിതരണം തടസ്സപ്പെട്ടാൽ ആഴ്ചകൾ കഴിഞ്ഞാണ് അധികാരികൾ തിരിഞ്ഞു നോക്കുന്നത്. ഇത്തരത്തിൽ പിഡബ്ല്യു റോഡുകളിലും പഞ്ചായത്ത് റോഡുകളിലും നിരവധി ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. പണി പൂർത്തിയായാൽ ഇത്തരം കുഴികൾകോൺക്രീറ്റ് ചെയ്ത് പൂർവസ്ഥിതിയിൽ ആക്കാതെ, കുഴികൾ മണ്ണിട്ട് മൂടുക പോലും ചെയ്യാതെ സ്ഥലം വിടുകയാണ് ചെയ്യാറ്. ഇതുമൂലം ശുദ്ധജലത്തിന് ബുദ്ധിമുട്ടുന്ന ജനങ്ങൾ യാത്ര ക്ലേശം കൂടി അനുഭവിക്കുകയാണ്. ഇതിൽ ശക്തമായ പ്രതിഷേധ രേഖപ്പെടുത്തി കൊണ്ടാണ് പെരുംകുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്ങിൻ തൈ നട്ടു പ്രതിഷേധിച്ചത്.

മണ്ഡലം പ്രസിഡന്റ് സി.എച്ച്.സജീവ് അധ്യക്ഷത വഹിച്ച യോഗത്തിന് ജി. സുരേന്ദ്രൻ, വി.കെ ശശിധരൻ, അഴൂർ വിജയൻ, ബിജു ശ്രീധർ, കെ ഓമന മാടൻവിള നൗഷാദ്, എ.ആര്‍. നിസാര്‍, സോമശേഖരൻ നായർ, എസ് ജി അനിൽകുമാർ, രാജൻ കൃഷ്ണപുരം, റഷീദ് റാവുത്തർ, പ്രവീണ എന്നിവർ നേതൃത്വം നൽകി.


















