കൊച്ചി: ആലുവയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടര്‍ മെട്രോ സര്‍വീസ് പരിഗണനയില്‍. ആലുവയില്‍ നിന്ന് 20 മിനിറ്റുകൊണ്ട് വിമാനത്താവളം സ്ഥിതിചെയ്യുന്ന നെടുമ്പാശ്ശേരിയില്‍ എത്താവുന്ന രീതിയിലാണ് റൂട്ട്. ഇതുസംബന്ധിച്ച് പ്രാഥമിക സാധ്യതാപഠനം കൊച്ചി മെട്രോ നടത്തിയതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
കൊച്ചിയില്‍ ജലവഴികളിലൂടെ ബന്ധിപ്പിക്കാവുന്ന പ്രധാനയിടങ്ങളുണ്ട്. വിമാനത്താവളത്തിലേക്കെന്നതിനു സമാനമായി വാട്ടര്‍മെട്രോ ഓടിക്കാവുന്ന ഒന്‍പത് റൂട്ടുകള്‍ കൂടി കൊച്ചി മെട്രോ കണ്ടെത്തിയിട്ടുണ്ടെന്നും ബെഹ്‌റ പറഞ്ഞു.കൊച്ചിയുടെ ഭാവിയിലെ ഗതാഗതം സംബന്ധിച്ച് പനമ്പിള്ളി നഗര്‍ കെഎംഎ ഹാളില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ബെഹ്‌റ ഇക്കാര്യം പറഞ്ഞത്.
കൊച്ചി വാട്ടര്‍ മെട്രോ മാത്യകയാക്കി രാജ്യത്ത് 18 ഇടങ്ങളിലാണ് സമാനമായ പദ്ധതികള്‍ നടപ്പാക്കുന്നത്. കൊല്‍ക്കത്ത , ഗോവ, ശ്രീനഗര്‍ , അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഇടങ്ങള്‍ വരെ വാട്ടര്‍മെട്രോയുടെ ആശയത്തിലേക്ക് വന്നുവെന്നും ലോക്‌നാഥ് ബെഹറ പറഞ്ഞു.