കിഴുവിലം പഞ്ചായത്തിലെ തെന്നൂർകോണം പതിനൊന്നാം വാർഡിലെ രേവതിയിൽ വ്യത്യസ്തങ്ങളായ
രോഗങ്ങൾ കൊണ്ടും സാമ്പത്തിക പിന്നോക്കാവസ്ഥ യിലും ജീവിതം മുന്നോട്ടു നയിക്കുന്ന കുടുംബഅംഗമായ സന്തോഷ് കുമാർ (51) നാണ് കൈത്താങ്ങായി ആറ്റിങ്ങലിലെ വൈസ്മാൻ ക്ലബ് കൂട്ടായ്മ എത്തിയത്. മാനസിക രോഗിയായ ഭാര്യ മഞ്ജുഷ (43) ഓട്ടിസം ബാധിച്ച മകൾ സുജിഷ (21) എന്നിവരുടെ ആശുപത്രി ചിലവിന് പോലും വകയില്ലാതെ സുമനസ്സുകളുടെ സഹായം കൊണ്ട് മാത്രമാണ് ഈ കുടുംബം ജീവിതം പുലർത്തുന്നത്. ഇലക്ട്രോണിക്സ് ജീവനക്കാരനായിരുന്ന സന്തോഷിന് ഇപ്പോൾ പണിയും ഇല്ല പണി കിട്ടിയാൽ തന്നെ പോകാൻ കഴിയാത്ത അവസ്ഥയിലുമാണ്. കൂടാതെ സന്തോഷിനും ചെറിയ തോതിൽ മാനസിക രോഗമുണ്ട്. ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്ന ഈ കുടുംബത്തിന് സ്വന്തമായി ഒരു കിണർ പോലും ഇല്ല. വെള്ളം ശേഖരിക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്ന സന്തോഷ് പൈപ്പ് വെള്ളം ശേഖരിച്ചു വെക്കുവാനായി ഒരു വാട്ടർ ടാങ്ക് അനുവദിച്ചു നൽകണമെന്ന അപേക്ഷയുമായി പഞ്ചായത്തിനെ സമീപിക്കുകയുണ്ടായി. നിലവിൽ അത്തരം സ്കീമുകൾ പഞ്ചായത്തിൽ ലഭ്യമല്ലാത്തതിനാൽ കിഴുവിലം പഞ്ചായത്ത് സെക്രട്ടറിയുടെ ഇടപെടലിലൂടെ ആറ്റിങ്ങലിലുള്ള വൈസ് മാൻ ക്ലബ്ബ് ഗാന്ധിജയന്തി ദിനത്തിൽ കിഴുവിലം പഞ്ചായത്തിൽ വച്ച് ആയിരം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് ക്ലബ് സന്തോഷിന് കൈമാറി.
ചടങ്ങിൽ ക്ലബ് ഭാരവാഹികളായ
വൈസ്മാൻ സജി സതീശൻ, സെക്രട്ടറി ശശിധരൻ നായർ, ട്രഷറർ സുദർശനൻ,മറ്റു ക്ലബ് ഭാരവാഹികൾ കിഴുവിലം പഞ്ചായത്ത് സെക്രട്ടറി സ്റ്റാർലി, പതിനൊന്നാം വാർഡ് മെമ്പർ കടയറ ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.