കൊല്ലം: കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ചു. വള്ളിക്കാവ് അമൃതപുരിയിൽ എത്തിയ അമേരിക്കയിൽ നിന്നുള്ള 44 കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവർ പിടിയിലായി. മദ്യം നൽകി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമായിരുന്നു പീഡനം. കരുനാഗപ്പള്ളി പോലീസാണ് പ്രതികളെ പിടികൂടിയത്.
രണ്ടുദിവസം മുമ്പായിരുന്നു സംഭവം. ആശ്രമത്തിനു സമീപമുള്ള ബീച്ചിൽ ഇരിക്കുകയായിരുന്ന സ്ത്രീയുടെ സമീപത്തെത്തിയ പ്രതികൾ സൗഹൃദം സ്ഥാപിച്ച ശേഷം സിഗരറ്റ് നൽകി. വേണ്ടെന്ന് പറഞ്ഞപ്പോൾ മദ്യം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കിൽ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മദ്യം നൽകിയ ശേഷമാണ് പീഡിപ്പിച്ചത്. അമിതമായ മദ്യം കഴിച്ചതിനാൽ ഇവർക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. പിന്നീട് ആശ്രമത്തിലെത്തിയ സ്ത്രീ അധികൃതരോട് വിവരം പറയുകയായിരുന്നു. ആശ്രമം അധികൃതരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെ പ്രതികളെ പിടികൂടുകയായിരുന്നു.


















