അഹമ്മദാബാദ്: 2003 ലോകകപ്പ് ഫൈനലില്‍ പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയയോട് ഇന്ത്യ ഇന്ന് പകരം ചോദിക്കുമോ?, ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ നിമിഷങ്ങള്‍ക്കാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമും പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ സംഘവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് കലാശപ്പോരാട്ടത്തില്‍ മാറ്റുരയ്ക്കും. ഞായര്‍ പകല്‍ രണ്ടിനാണ് മത്സരം തുടങ്ങുക.
നാലുവര്‍ഷത്തിലൊരിക്കല്‍ എത്തുന്ന മാമാങ്കത്തിന്റെ 13-ാംപതിപ്പാണിത്. 1983ല്‍ കപില്‍ ദേവും സംഘവും വെസ്റ്റിന്‍ഡീസിന്റെ അജയ്യസംഘത്തെ കീഴടക്കി കിരീടം ഉയര്‍ത്തി. 2011ലെ ലോക കിരീടംകൊണ്ട് ഇന്ത്യ ആധിപത്യം ഉറപ്പിച്ചു. മൂന്നാം ലോകകിരീടമാണ് ഇന്ന് ഇന്ത്യയ്ക്ക് മുന്നില്‍. ഇന്ത്യയുടെ സമഗ്രാധിപത്യമായിരുന്നു ഈ ലോകകപ്പില്‍. വിരാട് കോഹ്ലി ബാറ്റിലും മുഹമ്മദ് ഷമി പന്തിലും അത്ഭുതങ്ങള്‍ കാട്ടുന്നു. മുറിച്ചാലും മുറികൂടുന്നവരാണ് ഓസീസ്. അഞ്ചുതവണ കപ്പ് ഉയര്‍ത്തിയവര്‍. സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയയുടെ ഫൈനിലേക്കുള്ള കടന്നുവരവ്.

















