സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ് ന്യൂ ഇയർ ബംമ്പർ ടിക്കറ്റ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നൽകി പ്രകാശനം ചെയ്തു. 300 രൂപ വിലയുള്ള ബംമ്പർ ടിക്കറ്റിന് 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 3 കോടി രൂപയും മൂന്നാം സമ്മാനം 60 ലക്ഷം രൂപയുമാണ്. കേരള സംസ്ഥാന ഭാഗ്യക്കുറി വിശ്വാസ്യതയുള്ളതും മാതൃകാപരമാണെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സ്വയം തൊഴിൽ കണ്ടെത്തി ജീവിക്കുന്ന അനേകം പേർക്ക് വരുമാന മാർഗ്ഗം നൽകുന്ന ഒരു വലിയ പ്രസ്ഥാനമാണ് സംസ്ഥാന ഭാഗ്യക്കുറി. വിവിധ മേഖലകളിൽ ഭാഗ്യക്കുറി വകുപ്പ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.
ഓണം ബംമ്പറിന് മികച്ച സ്വീകര്യതയാണ് ജനങ്ങൾ നൽകിയത്. ഇത്തവണ ക്രസ്തുമസ് ന്യൂ ഇയർ ബംമ്പറിനും മുൻ വർഷത്തെപോലെ തന്നെ വലിയ വിജയം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ക്രിസ്തുമസിന് മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചത്. വിൽപ്പനയ്ക്കനുസൃതമായി ആവശ്യമെങ്കിൽ കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കുമെന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടർ സുചിത്ര കൃഷ്ണൻ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ മായ എൻ. പിള്ള കൃതജ്ഞതയും പറഞ്ഞു.