1000 പൂർണ്ണ ചന്ദ്രന്മാരുടെ ശോഭ; ശതാഭിഷേക നിറവിൽ ​ഗാന​ഗന്ധർവൻ; മൂകാംബികയിൽ പ്രത്യേക പൂജകൾ

Jan 10, 2024

തിരുവനന്തപുരം: ശതാഭിഷേകത്തിൻറെ നിറവിൽ ഡോ.കെ.ജെ.യേശുദാസ്. അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഗാനഗന്ധർവന്റെ 84 ആം ജന്മദിന ആഘോഷം. നാല് വർഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല. ഇക്കുറി സൂര്യമേളയിൽ എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും വന്നിരുന്നില്ല. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്രയും കുറച്ചുനാളായി ഇല്ല. എറണാകുളത്ത് ഇന്ന് യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തിൽ ഗാനഗന്ധർവ്വന് ജന്മദിനാഘോഷമുണ്ട്. പരിപാടിയിൽ ഓൺലൈനായി യേശുദാസ് പങ്കെടുത്തേക്കും.

നമ്മുടെയെല്ലാം ജീവിതത്തിലേക്ക് ആ ഗന്ധർവ്വ സംഗീതമൊഴുകിയെത്തിയിട്ട് ആറുപതിറ്റാണ്ടിലേറെയായി. 84ന്റെ നിറവിലും മാറ്റ് കൂടുന്നതേയുള്ളൂ ആ അഭൗമശബ്ദത്തിന്. നാദബ്രഹ്മത്തിൻറെ സാഗരം നീന്തിയെത്തിയ മഹാസംഗീതധാര. മലയാളി കാലങ്ങളായി ഉണരുന്നതും ഉറങ്ങുന്നതുമെല്ലാം ആ ശബ്ദം കേട്ട്. നമ്മുടെ പ്രണയത്തിലും സന്തോഷത്തിലും വിരഹത്തിലും വേദനയിലുമെല്ലാം ഒപ്പമുണ്ട് ആ ശബ്ദം. മനുഷ്യർ മാത്രമല്ല ഈശ്വരന്മാർക്കും ഉറങ്ങാൻ വേണം ഗന്ധർവ്വ സ്വരമാധുരി.

റഫി പാട്ടുകൾ കേട്ട് സിനിമയെ സ്നേഹിച്ച ഫോർട്ട് കൊച്ചിക്കാരൻ കാട്ടാശ്ശേരി ജോസഫ് യേശുദാസ്. അവസരങ്ങൾക്കായുള്ള അലച്ചിലിനൊടുവിൽ ദയ തോന്നി എം ബി ശ്രീനിവാസൻ വച്ചു നീട്ടിയ ഒരു ചെറിയ പാട്ട്. ഭരണി സ്റ്റുഡിയോയിൽ 1961 നവംബർ 14 ന് റിക്കോർഡ് ചെയ്യപ്പെട്ട 21 കാരന്റെ 4 വരി ഗുരുസ്തോത്രം ഒരു ഐതിഹാസിക യാത്രയുടെ തുടക്കം മാത്രം ആയിരുന്നു. 80 വയസ്സിനിടെ എൺപതിനായിരം ഗാനങ്ങൾ. ഒരു ദിവസം 11പാട്ടുകൾ വരെ പാടിയ കാലം. ഇളയരാജ ഒരിക്കൽ പറഞ്ഞു, മോശം പാട്ടുകൾ പോലും യേശുദാസ് പാടി പൊന്നാക്കും എന്ന്.

ശതാഭിഷിക്തനായ മഹാഗായകൻ ഇന്നും കുട്ടിയെ പോലെ സംഗീതപരിശീലനത്തിൽ. അമേരിക്കയിലെ വീട്ടിൽ പാട്ടിന് വിശ്രമം ഇല്ല. സുഹൃത്തുക്കളുമായി ദിവസവും സംഗീത ചർച്ച, വായന. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്ര കൊവിഡ് വരവോടെ നിന്നു. സൂര്യ മേളയിലും ഇടവേള. നാലുവർഷമായി കേരളത്തിലെത്തിയിട്ട്. പക്ഷെ ലോകത്തിന്റെ ഏത് കോണിൽ ആയാലും ഗന്ധർവ നാദം കേൾക്കാതെ ഒരു ദിനം പോലും കടന്നു പോകില്ല മലയാളിക്ക്.

LATEST NEWS