കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചത് ചികിത്സാ പിഴവിനെത്തുടര്‍ന്നെന്ന് പരാതി. കാലുവേദനയെ തുടര്‍ന്ന് ചികിത്സക്കെത്തിയ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ മാനസിക വിഭാഗത്തിലെ ചികിത്സക്ക് വിധേയയാക്കുകയായിരുന്നു. പേരാമ്പ്ര കൂത്താളി പൈതോത്ത് കേളന്‍ മുക്കിലെ കാപ്പുമ്മല്‍ ഗിരീഷിന്റെ ഭാര്യ രജനി (37) ആണ് മരിച്ചത്.
ഈ മാസം നാലിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാലുവേദനയ്ക്ക് രജനി ചികിത്സ തേടി എത്തിയത്. എന്നാല്‍ ഡോക്ടര്‍മാര്‍ മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് മാനസിക വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
വാര്‍ഡില്‍ രോഗിയെ പരിശോധിക്കാനെത്തിയ മറ്റൊരു ഡോക്ടര്‍ ഇവരുടെ കേസ് ഷീറ്റ് കാണാനിടയാവുകയും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചതില്‍ നിന്നും യുവതിയെ ഡോക്ടര്‍ ന്യൂറോളജി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു.
രോഗം മൂര്‍ച്ഛിച്ച യുവതിയെ അത്യാഹിത വിഭാഗത്തിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി. ഞരമ്പുകളില്‍ അമിതമായ ബാക്ടീരിയ ബാധ മൂലം ഉണ്ടാവുന്ന ജിബിഎസ് എന്ന രോഗമായിരുന്നു യുവതിക്കെന്നും ഇത് തിരിച്ചറിയാതെ മറ്റൊരു വിഭാഗത്തില്‍ ചികിത്സ നല്‍കിയതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. എട്ടാം തിയതി മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ യുവതി ഇന്നു പുലര്‍ച്ചെ 5 മണിയോടെയാണ് മരിച്ചത്. സംഭവത്തില്‍ പേരാമ്പ്ര പൊലീസിന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. മക്കള്‍: അഭിഷേക് കൃഷ്ണ, അഭിനവ് കൃഷ്ണ, അഭിനന്ദ് കൃഷ്ണ.