തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം. പരാതികളില്‍ മ്യൂസിയം പൊലീസ് കേസെടുക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന്റെ കത്ത് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഡിജിപി കൈമാറി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവം അന്വേഷിക്കാന്‍ ഡിജിപിയോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ചയ് കൗള്‍ ആവശ്യപ്പെട്ടിരുന്നു. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടും ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
തുടര്‍ നടപടികള്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കുക. നിലവില്‍ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്. വ്യാജ വോട്ടര്‍ ഐഡി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐയും,ബിജെപിയും പരാതി നല്‍കിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയെന്നും പാലക്കാട്ടെ ഒരു എംഎല്‍എയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.