ആറ്റിങ്ങൽ: കോൺഗ്രസിലെ ജനപ്രതിനിധികൾ തമ്മിലുള്ള സംഘർഷത്തിൽ കെപിസിസി പാളയം പ്രദീപിനെതിരെയും സജാദിനെതിരെയും നടപടി സ്വീകരിച്ചു. ഇരുവരെയും പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. എം എം ഹസ്സൻ അധ്യക്ഷനായുള്ള അന്വേഷണ കമ്മീഷൻ പ്രാഥമിക വിവരശേഖരണത്തിന് ശേഷം കെപിസിസി പ്രസിഡൻറ് വിവരങ്ങൾ ധരിപ്പിച്ചിരുന്നു. തുടർന്നാണ് കെപിസിസി പാളയം പ്രദീപിനെയും സജാദിനെയും സസ്പെൻഡ് ചെയ്തത്. ഈ സംഭവത്തിൽ എംഎൽഎ ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള മറ്റുള്ളവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ കമ്മീഷൻ മുൻപിൽ നേരിട്ട് ഹാജരായതുമില്ല. ഫോൺ മുഖാന്തരം സംസാരിച്ചിട്ടുണ്ടെന്നും നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം എം ഹസ്സൻ മാധ്യമം പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ എംഎൽഎയുടെ ബിനാമിക്ക് എന്തുകാര്യം എന്ന ചോദ്യം ഉയർത്തി സജാദ് കോൺഗ്രസിന്റെ പ്രാദേശിക ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടിരുന്നു. ഇത് ചോദ്യം ചെയ്യുവാൻ എംഎൽഎയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും സജാദിന്റെ വീട്ടിൽ എത്തുകയും പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ സജിത്ത് മുട്ടപ്പലവും കോൺഗ്രസ് പ്രാദേശിക നേതാക്കളും ഇവിടെ എത്തി. തുടർന്ന് വീട്ടിനുള്ളിൽ തർക്കവും എംഎൽഎയും ജില്ലാ പഞ്ചായത്ത് അംഗവും തമ്മിലുള്ള കയ്യാങ്കളിയും നടക്കുകയായിരുന്നു.

പോലീസ് കെപിസിസി നടപടികൾ നീരസം പ്രകടിപ്പിച്ച് സജാദ്
ആറ്റിങ്ങൽ: ചിറയിൻകീഴിൽ കോൺഗ്രസ് ജനപ്രതിനിധികൾ തമ്മിലടിച്ച് സംഭവത്തിൽ തന്റെ പരാതിയിൽ കേസെടുക്കാത്തതിലെ നീരസം പ്രകടിപ്പിച്ച് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് സജാദ്. കെപിസിസി നടപടി വാർത്ത വന്നതിനുശേഷം അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ വീട്ടിൽ വന്നാണ് പാളയം പ്രദീപ് പ്രശ്നമുണ്ടാക്കിയത്. എന്നിട്ടും താൻ കൊടുത്ത പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ തനിക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കെപിസിസിയുടെ നടപടി വാർത്തകളിലൂടെയാണ് കേട്ടത്. സസ്പെൻഷൻ നേടാൻ വേണ്ടി യാതൊരു തെറ്റും താൻ ചെയ്തിട്ടില്ല. വന്ന പ്രശ്നമുണ്ടാക്കിയ എംഎൽഎയ്ക്കെതിരെയും നടപടിയെടുത്തു കാണുന്നില്ല അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ഈ വിഷയത്തിൽ ഇപ്പൊൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

















