ആറ്റിങ്ങല്‍: തെരുവ് നായയില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ രക്ഷിച്ച നഗരൂര്‍ രാജധാനി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി ആലംകോട് മണ്ണൂര്‍ഭാഗം ശ്രീശൈലം വീട്ടില്‍ അഭിഷേകിന് പോലീസിന്റെ അനുമോദനം. ജനുവരി ആറിന് വൈകീട്ട് 5 ന് കോളേജ് വിട്ട് ബൈക്കില്‍ വീട്ടിലേയ്ക്ക് വന്ന അഭിഷേക് വഞ്ചിയൂര്‍ പുതിയ തടത്തില്‍ ഒരു തെരുവ് നായ പെണ്‍കുട്ടിയെ കടിച്ച് കുടയുന്നത് കണ്ടു.
ഉടന്‍തന്നെ ബൈക്ക് നിര്‍ത്തിയിറങ്ങി നായയില്‍ നിന്നും കുട്ടിയെ രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ അഭിഷേകിനും കടിയേറ്റു. ആറ്റിങ്ങല്‍ ഗേള്‍സ് എച്ച്.എസ്.എസിലെ എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിനി ആലംകോട് മേവര്‍ക്കല്‍ തീര്‍ത്ഥം വീട്ടില്‍ പവിത്രയെയാണ് നായ ആക്രമിച്ചത്. സ്‌കൂള്‍ വിട്ട് ബസിറങ്ങി വീട്ടിലേയ്ക്ക് നടന്നുപോകുമ്പോള്‍ ഓടിയെത്തിയ തെരുവ് നായ കുട്ടിയെ തള്ളിയിട്ട് കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പവിത്ര ഇപ്പോഴും ചികിത്സയിലാണ്. തിരുവനന്തപുരം വനിതാസെല്ലിലെ എ.എസ്.ഐ. മല്ലികാദേവിയുടെ മകനാണ് അഭിഷേക്. അനുമോദനച്ചടങ്ങില്‍ ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടര്‍ മുരളീകൃഷ്ണ, മല്ലികാദേവി എന്നിവര്‍ പങ്കെടുത്തു.