ലഖ്‌നൗ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ അപകടത്തിൽപ്പെട്ടു. അപകീർത്തി കേസിൽ കോടതിയിൽ ഹാജരാകാനായി ലഖ്‌നൗവിൽനിന്ന് സുൽത്താൻപൂരിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് സംഭവം. രാഹുൽ ഗാന്ധി സുരക്ഷിതനാണെന്നും അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നും പൊലീസ് അറിയിച്ചു
തിങ്കളാഴ്ച രാവിലെ 10.15 ഓടെയായിരുന്നു അപകടം. പ്രാദേശിക കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ചിരുന്ന, വ്യൂഹത്തിന്റെ മുൻനിരയിലുണ്ടായിരുന്ന സ്വകാര്യ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതോടെ തൊട്ടുപിന്നാലെയെത്തിയ അകമ്പടി വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചില്ല.
അപകടം ഗുരുതരമല്ലെന്ന് ഉറപ്പുവരുത്തിയതിനെത്തുടർന്ന് വാഹനവ്യൂഹം ഏതാനും മിനിറ്റുകൾക്കകം സുൽത്താൻപൂരിലേക്കുള്ള യാത്ര പുനരാരംഭിച്ചു. കനത്ത പൊലീസ് സുരക്ഷാ സന്നാഹങ്ങളോടെ നീങ്ങിയ വാഹനവ്യൂഹം 11.15 ഓടെ സുൽത്താൻപൂർ കോടതിയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
2018-ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെംഗളൂരുവിൽ നടന്ന പൊതുറാലിയിൽ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശമാണ് കേസിന് ആധാരം. പ്രാദേശിക ബിജെപി നേതാവ് നൽകിയ അപകീർത്തി ഹർജിയിലാണ് സുൽത്താൻപൂർ കോടതി കേസ് പരിഗണിക്കുന്നത്. ഈ കേസിന്റെ തുടർനടപടികളിൽ നേരിട്ട് പങ്കുചേരാനാണ് രാഹുൽ ഗാന്ധി സുൽത്താൻപൂരിലെത്തുന്നത്.



















