രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

Nov 27, 2026

കൊച്ചി: ബലാത്സംഗ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പാസ്‌കോഡ് കൈമാറണമെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയിൽ കേരള ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. സീനിയർ അഭിഭാഷകൻ ജി ഹരികുമാറിനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്.

പാസ്‌കോഡ് നൽകാൻ പ്രതിയെ നിർബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധമായ സാക്ഷ്യപ്പെടുത്തലിന് നിർബന്ധിക്കലാകുമോ എന്ന നിയമപ്രശ്നം പരിശോധിക്കുന്നതിനാണ് കോടതിയുടെ സഹായത്തിനായി അമിക്കസ് ക്യൂറിയെ വെച്ചത്. വിഷയത്തിന്റെ സങ്കീർണ്ണതയും ഇക്കാര്യത്തിൽ കൃത്യമായ മുൻവിധികൾ ഇല്ലാത്തതും കണക്കിലെടുത്താണ് തീരുമാനമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ഹർജി ഡിസംബർ 9-ലേക്ക് മാറ്റിയ കോടതി, മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന്മേലുള്ള ഇടക്കാല സ്റ്റേ അതുവരെ നീട്ടി.

സ്വകാര്യതയും ഭരണഘടനാ അവകാശങ്ങളും ചൂണ്ടിക്കാട്ടി പ്രതിഭാഗം

കഴിഞ്ഞ ഫെബ്രുവരിയിലാണ് പിടിച്ചെടുത്ത ഫോണുകളുടെ പാസ്‌വേഡുകൾ നൽകണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചത്. മാർച്ചിൽ ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

ഇത്തരം നിർദ്ദേശം ഭരണഘടനയുടെ ആർട്ടിക്കിൾ 20(3) ഉറപ്പുനൽകുന്ന സ്വയം കുറ്റസമ്മതത്തിനെതിരായ സംരക്ഷണത്തിന്റെ ലംഘനമാണെന്ന് രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ശാസ്തമംഗലം എസ്. അജിത്കുമാർ വാദിച്ചു. സുപ്രീം കോടതിയുടെ വിധി പ്രകാരമുള്ള മൗലികാവകാശമായ സ്വകാര്യതയുടെ ലംഘനമാണിതെന്നും മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദമുയർത്തി.

സെർച്ച് വാറണ്ടുള്ള സ്ഥലത്തിന്റെ താക്കോൽ ചോദിക്കുന്നതിന് തുല്യമെന്ന് പ്രോസിക്യൂഷൻ
എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥൻ പാസ്‌കോഡും പാസ്‌വേഡും ആവശ്യപ്പെടുന്നത് നിയമപരവും ഭരണഘടനാപരമായി സാധുവുമാണെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി ആസഫ് അലി വാദിച്ചു. കർണാടക ഹൈക്കോടതിയുടെ വീരേന്ദ്ര ഖന്ന’വിധി ഉദ്ധരിച്ച അദ്ദേഹം, പാസ്‌കോഡ് വെളിപ്പെടുത്തുന്നത് സ്വയം കുറ്റസമ്മതത്തിന് നിർബന്ധിക്കലാകില്ലെന്ന് ചൂണ്ടിക്കാട്ടി.

ഐടി ആക്ട് സെക്ഷൻ 69, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 94, 96, 349 എന്നിവയും ഡിജിപി കോടതിയിൽ പരാമർശിച്ചു. മൊബൈൽ ഫോണിന്റെ പാസ്‌കോഡ് ചോദിക്കുന്നത്, സെർച്ച് വാറണ്ടുള്ള ഒരു സ്ഥലത്തിന്റെ താക്കോൽ ആവശ്യപ്പെടുന്നതിന് സമാനമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. രക്തം, മൂത്രം എന്നിവയുടെ സാമ്പിളുകൾ ശേഖരിക്കുന്നതിനും, കൈയക്ഷരവും ഒപ്പും നൽകാൻ മജിസ്‌ട്രേറ്റ് ഉത്തരവിടുന്നതിനും സമാനമാണ് ഇതെന്നും ഡിജിപി കോടതിയെ അറിയിച്ചു. ഇരുഭാഗത്തിന്റെയും പ്രാഥമിക വാദങ്ങൾ കേട്ട ശേഷമാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിക്കാൻ തീരുമാനിച്ചത്.

LATEST NEWS
ഭർത്താവിനെ കൊല്ലാൻ 40,000 രൂപയുടെ ക്വട്ടേഷൻ; പണം കണ്ടെത്തിയത് ഭർത്താവിന്റെ അക്കൗണ്ടിൽ നിന്ന്!

ഭർത്താവിനെ കൊല്ലാൻ 40,000 രൂപയുടെ ക്വട്ടേഷൻ; പണം കണ്ടെത്തിയത് ഭർത്താവിന്റെ അക്കൗണ്ടിൽ നിന്ന്!

ബിഹാറിലെ പട്നയിൽ പുറത്തുവന്ന കൊലപാതക ഗൂഢാലോചനയുടെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. സ്വന്തം ഭർത്താവിനെ...