ആറ്റിങ്ങൽ: എം.എൽ.എ ഒ.എസ്.അംബിക, മുൻ എം.എൽ.എ ബി.സത്യൻ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത സുന്ദരേശൻ, മണമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് എ.നഹാസ്, കരവാരം പഞ്ചായത്ത് പ്രസിഡൻ്റ് ഷിബുലാൽ തുടങ്ങിവർ അന്ത്യാഞ്ജലി അർപ്പിച്ചു. മണിക്കുട്ടൻ ഉൾപെടെ കുടുംബത്തിലെ അഞ്ചു പേർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി എന്ന വാർത്ത നാട്ടുകാർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പ്രദേശവാസികൾക്ക് എല്ലാം പരിചിതരാണ് ഈ കുടുംബം. അതിനാൽ തന്നെ ദുരന്ത വാർത്ത നാടിനെ കണീരിലാഴ്ത്തി. തുടർന്ന് ചാത്തമ്പറയിലെ കടയിൽ വീട്ടിലേക്ക് ജനം ഒഴുകി എത്തി.


കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും മണികുട്ടൻ യാതൊരു ഭാവ വ്യത്യാസവും പ്രകടിപ്പിച്ചിരുന്നില്ല. വെള്ളിയാഴ്ചയും ജ്യേഷ്ഠൻ ചുള്ളിയിൽ കോണം ശ്രീനിലയത്തിൽ ശ്രീരംഗൻ്റെ വീട്ടിൽ ഉച്ചക്ക് ചെന്നിരുന്നു. ഇടക്കൊക്കെ ഇവിടെ പോകാറുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം കാറ്റിലും മഴയിലും വീടിലെ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. രാത്രി മകൾ അമേയ അടുത്ത വീട്ടിൽ വന്നാണ് മൊബൈൽ ചാർജ് ചെയ്തത്. ഈ സമയം മണിക്കുട്ടനും മകൾക്കൊപ്പം ഇവിടെ വരികയും വീട്ടുകാരോട് സംസാരിച്ചു ഇരിക്കുകയും ചെയ്തിരുന്നു. ഇവർക്ക് ആർക്കും തന്നെ മണി കുട്ടനിൽ എന്തെങ്കിലും ഭാവ വ്യത്യാസം തോന്നിയിരുന്നില്ല.

അതിനാൽ മണിക്കുട്ടൻ ആത്മഹത്യ ചെയ്തു എന്ന വിവരം ആർക്കും ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല. മണികുട്ടൻ്റെ ജനകീയത പ്രദേശവാസികളുടെ സങ്കടത്തിൻ്റെ ആഴം കൂട്ടി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വൈകുന്നേരം നലോടെയാണ് മൃതദേഹങ്ങൾ വിട്ടു നൽകിയത്. തുടർന്ന് വിലാപയാത്രയായി എത്തിച്ച മൃതദേഹങ്ങൾ ചാത്തമ്പറയിൽ പൊതു ദർശനത്തിന് വെച്ച്. വിവിധ മേഖലകളിൽ ഉള്ള ആയിരങ്ങൾ വീട്ടിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു.


















