തിരുവനന്തപുരം: അറബിക്കടലിൽ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദപാത്തി രൂപപ്പെട്ടു. ഒഡീഷയ്ക്കും ഛത്തീസ്ഗഡിനും മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു.

ഇന്ന് സംസ്ഥാനത്തെ 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.


















