തൃശൂര്‍: സിനിമാ സംവിധായകന് കെ.എന്‍. ശശിധരന് അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒട്ടേറെ പരസ്യചിത്രങ്ങളും ചെയ്തിട്ടുണ്ട്.
ചാവക്കാട് സ്വദേശിയായ കെ എന്‍. ശശിധരന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദം കരസ്ഥമാക്കി. പി.കെ. നന്ദനവര്‍മ്മയുടെ ‘അക്കരെ’ എന്ന നോവലിനെ അടിസ്ഥാനമാക്കി ‘അക്കരെ’ എന്ന പേരില്‍ത്തന്നെ ആദ്യചിത്രം, തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്തു. ചിത്രത്തിന്റെ നിര്‍മാണവും ശശിധരന് ആയിരുന്നു. കാണാതായ പെണ്‍കുട്ടി, നയന തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.
കെ.എന്‍. ശശിധരന് സംവിധാനം ചെയ്ത പരസ്യചിത്രങ്ങളില്‍ ഏറ്റവും പ്രശസ്തമായത് വനമാല സോപ്പിന്റേതാണ്. ‘വന്നല്ലോ വനമാല’ എന്ന പരസ്യത്തില്‍ സിദ്ദിഖും കാവ്യമാധവനുമാണ് അഭിനയിച്ചത്.



















