തൃശൂർ: പൂരത്തിനു രണ്ടു പതിറ്റാണ്ടോളം പാറമേക്കാവിന്റെ തിടമ്പേറ്റിയ ആന പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. പാടൂക്കാട് ദേവസ്വം പറമ്പിൽ ഇന്നലെ രാത്രി 9.30നായിരുന്നു അന്ത്യം. 2005 ജനുവരി വേലദിവസം നന്തിലത്ത് ഗോപുവാണ് പത്മനാഭനെ നടയിരുത്തിയത്. മേയ് ആദ്യവാരം മദപ്പാടിനു സാധ്യതയുളളതിനാൽ ചില പൂരങ്ങളിൽ പത്മനാഭനു കോലമേന്താനായില്ല.
ഈ ചെറിയ ഇടവേളകൾ ഒഴിച്ചാൽ രണ്ടു പതിറ്റാണ്ടായി തെക്കോട്ടിറക്കത്തിനു പാറമേക്കാവിന്റെ തിടമ്പേറ്റിയത് പത്മനാഭനാണ്. ഇത്തവണ പൂരത്തിനു കോലമേന്തിയതും പത്മനാഭനായിരുന്നു. കേരളത്തിൽ 10 അടിയിലേറെ ഉയരമുള്ള അപൂർവം ആനകളിലൊന്നാണ് പത്മനാഭൻ. 62 വയസ്സ് പ്രായമുള്ള പത്മനാഭനു കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നു. 2 ദിവസം മുൻണ് ആനയ്ക്കു ക്ഷീണം തുടങ്ങിയത്. 2002ലാണ് ഈ ബിഹാറി ആന കേരളത്തിലെത്തിയത്.



















