തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്സ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയയാള്‍ക്ക് മങ്കിപോക്സ് ലക്ഷണങ്ങള്‍ കണ്ടതോടെ ഇദ്ദേഹത്തെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചതിൽ നിന്നാണ് രോഗം സ്ഥിരീകരിച്ചത്.
യുഎഇയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ കൊല്ലം സ്വദേശി ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. ഇദ്ദേഹത്തിൻ്റെ അച്ഛൻ, അമ്മ, വീട്ടിലേക്ക് എത്തിച്ച ടാക്സി ഡ്രൈവർ, വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ തുടങ്ങിയവരടക്കം 11 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. കൊല്ലത്തെ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വളരെ അടുത്ത കോൺടാക്ട് ഉണ്ടെങ്കിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നേക്കാമെന്ന് മന്ത്രി പറഞ്ഞു. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിന്റേത്. ആദ്യം ചുവന്ന പാടാണ് വരിക പിന്നീടിത് കുമിളയാകും. പനി, ശരീരവേദന, തലവേദന ലക്ഷണങ്ങൾ കാണിച്ചേക്കും. 21 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.


















