തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ വെഹിക്കിൾ ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു. പത്തനാപുരം സബ് റീജണൽ ഓഫീസിലെ ഇൻസ്‌പെക്ടറും കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ എ.എസ്. വിനോദിനെതിരേയാണ് നടപടി.

മുഖ്യമന്ത്രിക്ക് യുവതി പരാതി നൽകിയതിനെത്തുടർന്നുനടന്ന അന്വേഷണത്തിൽ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. എച്ച്. അൻസാരി, കൊട്ടാരക്കര
ജോ. ആർ.ടി.ഒ. റീജ, തിരുവനന്തപുരം സൗത്ത് സോൺ ഡി.ടി.സി. ഓഫീസിലെ ജോ. ആർ.ടി.ഒ. എസ്. സ്വപ്‌ന എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷസംഘം മൊഴിയെടുത്തിരുന്നു. ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നടപടി. പത്തനാപുരം പോലീസും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ 19-ന് പട്ടാഴി വടക്കേക്കര ചെളിക്കുഴിയിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കവേ കാറിനുള്ളിൽവെച്ച് ലൈംഗികാതിക്രമം ഉണ്ടായെന്നാണ് പരാതി. ഈ സമയത്ത് യുവതിയും ഇൻസ്പെക്ടറും മാത്രമാണ് കാറിലുണ്ടായിരുന്നത്.
JUST IN


















