വർക്കല: കർക്കിടകവാവ് ബലി തർപ്പണത്തോടനുബന്ധിച്ചു വർക്കല പാപനാശത്തേക്ക് ഭക്തജന പ്രവാഹം തുടങ്ങിയതോടെ വർക്കലയിലേക്കു ശക്തമായ ഗതാഗതം നിയന്ത്രണം തുടങ്ങി.
ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച ഗതാഗത നിയന്ത്രണം വ്യാഴാഴ്ച ഉച്ച വരെ തുടരും. പാലച്ചിറ, പുത്തൻചന്ത ഭാഗങ്ങളിൽ നിന്ന് പാപനാശത്തേക്ക് വരുന്ന ബസുകൾ വർക്കല, പുന്നമൂട്, കൈരളി നഗർ വഴി ആൽത്തറമൂട്ടിലെത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം മൈതാനം ജംഗ്ഷൻ വഴി തിരിച്ചു പോകണം.

കാപ്പിൽ, ഇടവ ഭാഗത്തു നിന്നു വരുന്ന ബസ്സ് ഒഴികെയുള്ള വാഹനങ്ങൾ ഇടവ പ്രസ്സ് മുക്കിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മാന്തറ, അഞ്ചു മുക്ക് വഴി വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകും.
കാപ്പിൽ ഭാഗത്തേക്ക് തിരികെ പോകേണ്ടുന്ന വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുന്നമൂട്, ജനതാമുക്ക്, ഇടവ വഴി പോകണം.
അയിരൂർ, നടയറ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ നടയറ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എസ്. എൻ. കോളേജ്, പാലച്ചിറ, പുത്തൻചന്ത, മൈതാനം, പുന്നമൂട് വഴി വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം.
നടയറ, അയിരൂർ ഭാഗങ്ങളിലേക്ക് തിരികെ പോകേണ്ടുന്ന വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുന്നമൂട്, ജനതാമുക്ക്, കരുന്നിലാക്കോട്, കണ്ണമ്പ വഴി പോകേണ്ടതാണ്.
കിളിത്തട്ടുമുക്കിൽ നിന്നും ആൽത്തറമൂട്, കൈരളി നഗർ എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ കടത്തി വിടുന്നതല്ല. നടയറയിൽ നിന്നും മറ്റും പുന്നമൂട് വഴി വർക്കല ഭാഗത്തേക്കും പുന്നമൂട്ടിൽ നിന്നും വർക്കല റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കും യാതൊരു കാരണവശാലും വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
വാഹന പാർക്കിംഗ് :
——————————-
വാഹന പാർക്കിങ്ങിനായി വിവിധ സ്ഥലങ്ങളിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ശിവഗിരി എസ്. എൻ. കോളേജ്, എസ്. എൻ. സീനിയർ സെക്കന്ററി സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിൽ എല്ലാ വാഹങ്ങൾക്കും പാർക്ക് ചെയ്യാവുന്നതാണ്.
ഹെലിപ്പാട്, പെരുംകുളം, നടക്കാവ് മുക്ക്, റെയിൽവേ സ്റ്റേഷൻ, ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ കാർ, ഇരു ചക്ര വാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യാവുന്നതാണ്.
പുന്നമൂട് ഗവ: ഐ. റ്റി. ഐ., വാച്ചർ മുക്ക്, നന്ദാവനം, മൈതാനം കൃഷി ഭവന് സമീപം, ആയൂർവേദ ആശുപത്രിക്ക് സമീപം എന്നിവിടങ്ങളിൽ ഇരു ചക്ര വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. മറ്റ് സ്ഥലങ്ങളിൽ യാതൊരു വിധ പാർക്കിംഗും അനുവദിക്കില്ല. അനധികൃത പണപ്പിരിവും അനധികൃത കച്ചവടവും നിരോധിച്ചിട്ടുണ്ട്.
ഗതാഗത നിയന്ത്രണത്തിനും ക്രമ സമാധാന പരിപാലനത്തിനും പോലിസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങളുമായി ഭക്ത ജനങ്ങളും, നാട്ടുകാരും വ്യാപരികളും സഹകരിക്കണമെന്ന് വർക്കല ഡി വൈ എസ് പി നിയാസ്. പി. അഭ്യർത്ഥിച്ചു.


















