തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുള്ള തീരശോഷണത്തിന് എതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് ജില്ലയിൽ പലയിടത്തും സംഘർഷം. തിരുവല്ലം, ഈഞ്ചയ്ക്കൽ, ജനറൽ ആശുപത്രി ജംക്ഷൻ, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് ബോട്ടുകളുമായി എത്തിയ വാഹനങ്ങൾ പൊലീസ് തടഞ്ഞത്. തുടർന്ന്, നേരിയ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വള്ളങ്ങൾ കയറ്റിയ വാഹനങ്ങൾ സെക്രട്ടേറിയറ്റ് ഭാഗത്തേക്കു കടത്തിവിടാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട്. തീരദേശ ജനതയെ സർക്കാർ അവഗണിക്കുന്നു എന്ന് ആരോപിച്ചാണ് സമരം.

സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും തടഞ്ഞാൽ സർക്കാർ ഉത്തരം പറയേണ്ടിവരുമെന്നും സമര നേതാക്കൾ പറഞ്ഞു. വാഹനങ്ങൾ കടത്തി വിടാത്തതിനെ തുടർന്ന് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. പൊലീസ് പ്രതിഷേധത്തിനിടയിലും വള്ളങ്ങൾ കയറ്റിയ ചില വാഹനങ്ങൾ സമര കേന്ദ്രമായ മ്യൂസിയം ജംക്ഷനിലേക്കെത്തി. നിരവധി വൈദികരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.


















