പാലക്കാട്: ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു. കോന്നല്ലൂർ ശിവദാസന്റെയും ഗീതയുടെയും മകൾ സൂര്യ പ്രിയ (24) ആണ് മരിച്ചത്. രാവിലെ യുവതിയുടെ വീട്ടിൽവച്ചായിരുന്നു സംഭവം.
സംഭവത്തിൽ അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ ചീകോട് സുജീഷ് (27) പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. സൂര്യ പ്രിയ ഡിവൈഎഫ്‌ഐ കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ്.

സുജീഷും സൂര്യപ്രിയയും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിലുണ്ടായ ചില അസ്വരാസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് സൂര്യപ്രിയയെ കൊന്നതെന്ന് സുജീഷ് പൊലീസിനോട് പറഞ്ഞു. ആലത്തൂര്‍ പൊലീസ് സൂര്യപ്രിയയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. ബന്ധുക്കളിൽ നിന്നും സുഹൃത്തുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.


















