വീരമൃത്യു വരിച്ച വക്കം ഖാദർ ജില്ലയുടെ അഭിമാനവും രാജ്യത്തിൻ്റെ സ്വത്തുമാണ്. മാപ്പ് എഴുതി കൊടുത്തവർക്ക് സ്മാരകം പണിയുന്ന വിരോധാഭാസങ്ങൾ നടക്കുന്ന കാലത്ത് വക്കം ഖാദർ ഉൾപ്പെടെയുള്ളവരുടെ പ്രസക്തി ഏറെയാണെന്നും മന്ത്രി ആൻറണി രാജു. വക്കം ഖാദർ അനുസ്മരണ വേദിയുടെ സ്വാതന്ത്ര്യ സ്മൃതി സാഗരം പരിപാടി, ശംഖു മുഖം ബീച്ചിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർ സെറാഫിൻ ഫ്രെഡി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജയരാജ്, ശ്രീചന്ദ്, സംഘാടക സമിതി ഭാരവാഹികൾ ആയ സഞ്ജു, സജീർ ജന്മി മുക്ക്, ഡ്വാളി, മൈക്കിൽ, ശരത് ശൈലേഷൻ, ജോസ് നിക്കോളാസ് എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യത്തിൻ്റെ 75 ആം വാർഷിക വേളയിൽ അനന്തപുരിയുടെ സ്വാതന്ത്ര്യപ്രക്ഷോഭ ഭൂമികളിലൂടെ ഐ.എൻ.എ ഹീറോ വക്കം ഖാദർ അനുസ്മരണവേദി ‘നാം പൊരുതിനേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുവാൻ’ എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന കാമ്പയിൻ ആണ് ആസാദി ജ്വാലാ പ്രയാൺ.

ആഗസ്റ്റ് 9 ക്വിറ്റ്ഇന്ത്യാ ദിനം മുതൽ സെപ്തംബർ 10 ഐ.എൻ.എ. ഹീറോ വക്കം ഖാദർ രക്തസാക്ഷിത്വദിനം വരെ ഒരു മാസം നീണ്ടു നിൽക്കുന്നതാണ് ഈ ദേശീയത കാമ്പയിൻ. തലസ്ഥാന ജില്ലയിലെ സ്വാതന്ത്ര്യസമര രംഗത്തെ നിർണ്ണായക പോരാട്ട ഭൂമികളോ സംഭവങ്ങളോ ആയ അഞ്ചുതെങ്ങ് കോട്ട, കല്ലറ വെടിവയ്പ്പ്, ആറ്റിങ്ങൽ വെടിവയ്പ്പ്, നെയ്യാറ്റിൻകര വെടിവയ്പ്പ്, പേട്ട വെടിവയ്പ്പ് എന്നീ ചരിത്ര സ്ഥലങ്ങളിൽ സ്മൃതി സംഗമം സംഘടിപ്പിക്കുന്നു. ദീപശിഖാ പ്രയാണം, സെമിനാറുകൾ, അനുസ്മരണ സമ്മേളനങ്ങൾ, അനുമോദനങ്ങൾ, ദേശീയത ക്യാമ്പയിനുകൾ, സാംസ്ക്കാരിക സംഗമം, സംവാദം, സ്മാരക പ്രഭാഷണം, കലാസാഹിത്യമത്സരങ്ങൾ, സ്വാതന്ത്ര്യ സമര സ്മൃതി സംഗമം, ലോകസമാധാന ക്യാമ്പയിൻ, മാധ്യമ സെമിനാർ, ചിത്രരചന, ക്വിസ് മത്സരം, ഉപന്യാസം രചന, ദേശ ഭക്തി ഗാന മത്സരം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.
ആസാദി ജ്വാല പ്രയാണിൻ്റെ ഭാഗമായി 12ന് വക്കം മൗലവി സ്മാരക പ്രഭാഷണം കിളിമാനൂരിൽ നടക്കും. 13ന് ദേശഭക്തി ഗാന മത്സരം പോത്തൻകോട് നടക്കും. 14ന് ജില്ലാതല ചിത്ര രചന മത്സരം കോളാഷ് ഹാളിൽ നടക്കും. 15ന് സ്വാതന്ത്യ ദിനാചരണം ചിറയിൻകീഴിൽ നടക്കും. 16ന് ലോക സമാധാന കാമ്പയിൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കും. 20ന് കല്ലറ പാങ്ങോട് കലാപ സ്മൃതി സമ്മേളനം കല്ലറയിൽ നടക്കും. പുഷ്പാർച്ചന, ആദരിക്കൽ എന്നിവ ഇതിൻ്റെ ഭാഗമായി നടക്കും. 21ന് സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി ജില്ലാ തല ക്വിസ് മത്സരം ആറ്റിങ്ങലിൽ നടത്തും. 24ന് വൈകുന്നേരം 5.30ന് കലാപ ജ്വാല സായാഹ്നം അഞ്ചുതെങ്ങ് കോട്ടക്ക് മുന്നിൽ നടക്കും. 26ന് ധീര സൈനികർക്ക് ആദരം പരിപാടി തിരുവനന്തപുരത്ത് നടക്കും. 27ന് 1721 : ആറ്റിങ്ങൽ കലാപം / അഞ്ചുതെങ്ങ് പ്രതിരോധം എന്ന വിഷയത്തിൽ സംവാദം നടത്തും. 29 ന് മാധ്യമ സെമിനാർ – വിഷയം : വാർത്ത മാധ്യമങ്ങൾ : സ്വാതന്ത്ര്യ സമര കാലം മുതൽ വർത്തമാനകാലം വരെ. 31ന് രാവിലെ നെയ്യാറ്റിൻകര വെടി വെയ്പ്പ് സ്മൃതി സംഗമം നെയ്യാററിൻകരയിൽ നടക്കും. സാംസ്കാരിക സംഗമം സെപ്റ്റംബർ 4ന് തോന്നക്കൽ ആശാൻ സ്മാരകത്തിൽ നടക്കും. 6ന് ജില്ലാ തല ഉപന്യാസ രചന മത്സരം നടക്കും. 10ന് രാവിലെ ആസാദി ജ്വാല പ്രയാൺ (ദീപ ശിഖ പ്രയാണം) വക്കത്ത് നിന്നും ആരംഭിച്ച് വൈകുന്നേരം തിരുവനന്തപുരം രക്ത സാക്ഷി മണ്ഡപത്തിൽ സമാപിക്കും. മന്ത്രിമാർ, സാംസ്കാരിക നായകർ തുടങ്ങിയവർ പങ്കെടുക്കും.


















