തിരുവനന്തപുരം: പതിനാറുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കഠിനംകുളം സ്വദേശി മനു മാധവിനെ (32) ആണ് പോക്സോ നിയമപ്രകാരം മംഗലപുരം പോലീസ് അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി പലസ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

രാത്രി രണ്ടു മണിക്ക് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. മിസ്സിംഗിന് കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചതോടെ കാണാതായ പെൺകുട്ടിയെ ബന്ധുക്കൾ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പീഢനവിവരം പുറത്തറിഞ്ഞത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് പിടിയിലായ മനു. സ്നേഹം നടിച്ച് രാത്രികാലങ്ങളിൽ പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് പീഡിപ്പിച്ചിരുന്നത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



















