ആറ്റിങ്ങൽ: ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ ആദ്യ ചെറുത്ത് നിൽപ്പ് എന്ന നിലയിൽ ആറ്റിങ്ങൽ കലാപ സ്മരണ എന്നും നിലനിൽക്കുമെന്ന് തൊഴിൽ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോരാട്ടം കൊണ്ട് മാത്രമല്ല എണ്ണമറ്റ കമ്മ്യൂണിസ്റ്റ് പോരാളികളുടേത് കൂടിയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ഒരു പങ്കും വഹിക്കാത്ത സംഘ പരിവാറാണ് ഇന്ന് രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ 75ാം സ്വാതന്ത്യദിനാഘോഷത്തിന്റെ പേരിൽ കപടദേശ സ്നേഹം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എം, സി പി ഐ സംയുക്തമായി ആറ്റിങ്ങൽ, കിളിമാനൂർ, വർക്കല, മംഗലപുരം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ മാമത്ത് എഴുപത്തഞ്ചാം സ്വാതന്ത്യ ദിനാഘോഷങ്ങളുെടെ ഭാഗമായി സംഘടിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി ശശി എം എൽ എ അധ്യക്ഷനായി. സി പി ഐ എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ് ലെനിൻ സ്വാഗതം പറഞ്ഞു. സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. സി പി ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി പി ഉണ്ണി കൃഷ്ണൻ, മനോജ് ബി ഇടമന, സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ബി പി മുരളി, ആർ രാമു, ഒ എസ് അംബിക എം എൽ എ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ സുഭാഷ്, മടവൂർ അനിൽ, ബി സത്യൻ, ഷൈലജ ബീഗം, മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി, കിളിമാനൂർ ഏരിയ സെക്രട്ടറി എസ് ജയചന്ദ്രൻ, സി പി ഐ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി ജയചന്ദ്രൻ, ചരിത്ര ഗവേഷകൻ ആർ നന്ദകുമാർ, നഗരസഭ ചെയർപേഴ്സൺ എസ്. കുമാരി എന്നിവർ സംസാരിച്ചു.


















