മസ്കറ്റ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. മസ്ക്കറ്റ് വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. മസ്ക്കറ്റ്-കൊച്ചി IX-442 വിമാനത്തിൽ നിന്നാണ് പുക ഉയർന്നത്.

ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിന്റെ ഇടത് വശത്തെ ചിറകിൽ നിന്നാണ് പുക ഉയരുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് എമര്‍ജൻസി വിൻഡോ വഴി യാത്രക്കാരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു. ആളുകൾ പരിഭ്രാന്തരായെങ്കിലും ജീവനക്കാർ സമയോചിതമായി ഇടപെട്ടു. പലരും കുട്ടികളെയടക്കം എടുത്ത് ഓടുകയായിരുന്നു. ഇതിന്റെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രദേശിക സമയം 11 മണിയോടെയാണ് സംഭവം ഉണ്ടായത്. 141 യാത്രക്കാരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു. നിലവിൽ സാങ്കേതിക സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിൽ പരിശോധന നടത്തുകയാണ്. വിമാനത്തിന് തീ പിടിക്കാനുണ്ടായ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തും.


















