ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം അവതരിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ‘യു പി ഐ ടാപ്പ് ആൻഡ് പേ’ (UPI Tap and Pay), എ.ഐ അധിഷ്ഠിത കസ്റ്റമർ സപ്പോർട്ട് പ്ലാറ്റ്ഫോമായ ‘മൈ യു പി ഐ’ (MyUPI) എന്നീ പദ്ധതികളാണ് ആർ ബി ഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചത്. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതവും ലളിതവുമാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളുടെ 89 ശതമാനവും യു പി ഐ വഴിയാണ് നടക്കുന്നത്.

കോൺടാക്റ്റ്ലെസ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് സമാനമായ രീതിയിലാണ് യു പി ഐ ടാപ്പ് ആൻഡ് പേ പ്രവർത്തിക്കുന്നത്. എൻ എഫ്സി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ അൺലോക്ക് ചെയ്ത്, എൻ എഫ് സി സപ്പോർട്ടുള്ള പി.ഒ.എസ് (POS) മെഷീനിൽ ടാപ്പ് ചെയ്താൽ പണമടയ്ക്കാം. ഈ സമയത്ത് ഉപയോക്താവിന്റെ ഫോണിൽ മൊബൈൽ ഡാറ്റ ആവശ്യമായി വരുന്നില്ല. പി ഒ എസ് മെഷീന്റെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ചാണ് ഇടപാട് പൂർത്തിയാകുന്നത്.
5,000 രൂപ വരെയുള്ള ചെറിയ തുകകളുടെ ഇടപാടുകൾക്ക് യു പി ഐ പിൻ ടൈപ്പ് ചെയ്യേണ്ട ആവശ്യവുമില്ല. എന്നാൽ 5,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പിൻ നമ്പർ നൽകേണ്ടിയും വരും. റുപേ ക്രെഡിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ള എല്ലാ യു പി ഐ ലിങ്ക്ഡ് അക്കൗണ്ടുകൾ വഴിയും ഈ സേവനം ഉപയോഗിക്കാം.

എന്താണ് മൈ യു പി ഐ ?
നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ച എ.ഐ സപ്പോർട്ട് ഉള്ള ഉപഭോക്തൃ സേവന പ്ലാറ്റ്ഫോമാണ് മൈ യു പി ഐ. എൻ പി സി ഐയുടെ എഫ്.ഐ.എം.ഐ (FiMI) സ്മോൾ ലാംഗ്വേജ് മോഡലിനെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഉപയോക്താവിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെട്ടതായി സംശയം തോന്നിയാൽ ഉടൻ തന്നെ യു പി ഐ വഴി പണം നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കുന്ന ഫീച്ചറാണിത്. സ്വന്തം മൊബൈൽ നമ്പർ വഴി യു.പി.ഐ പേയ്മെന്റുകൾ ലഭിക്കുന്നത് തടയാൻ ഇതിലൂടെ സാധിക്കും.




















